യുപിയിലെ കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി ഓഫീസില്‍ ബിജെപി പതാകകള്‍ സൂക്ഷിച്ചിരിക്കുന്ന വീഡിയോ ചര്‍ച്ചയായി. മുന്‍ കോണ്‍ഗ്രസ് നേതാവ് സിഷാന്‍ ഹൈദര്‍ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്ത വീഡിയോയാണ് ചര്‍ച്ചയായത്. സാമൂഹ്യ വിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് വക്താവ് അശോക് സിങ് പറഞ്ഞു.
സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. താനിപ്പോഴും കോണ്‍ഗ്രസ് അംഗമാണെന്ന് സിഷാന്‍ ഹൈദര്‍ പറഞ്ഞു. പാര്‍ട്ടി വക്താവ് സ്ഥാനത്ത് നിന്നും യുപി കോണ്‍ഗ്രസ് തന്നെ മാറ്റി. പക്ഷെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് മാത്രമേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഹൈദറിന്റെ വാദത്തെ അശോക് സിങ് തള്ളി. ഹൈദറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ഉത്തർപ്രദേശിൽ നിന്നുള്ള കോൺഗ്രസിന്റെ സ്ഥിതി മോശമാണ്. കോൺഗ്രസ് നേതാവും ഉത്തർപ്രദേശ് കോൺഗ്രസ് ഇൻചാർജുമായ പ്രിയങ്ക ഗാന്ധി 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 403 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തി, സംസ്ഥാനത്ത് കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ രണ്ട് സീറ്റുകൾ മാത്രമാണ് അവർക്ക് നേടാനായത്. കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ഇപ്പോൾ ആഭ്യന്തര കലഹമാണ്.