ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്തു
അഡ്മിൻ
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതിയാകുന്ന ഗോത്രവിഭാഗത്തിൽ നിന്നുളള ആദ്യ വ്യക്തി, ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത എന്നീ പ്രത്യേകതകൾ ദ്രൗപദി മുർമുവിനുണ്ട്. സത്യപ്രതിജ്ഞയ്ക്കായി ദ്രൗപദി മുർമു തന്റെ താൽക്കാലിക വസതിയായ ഉമാ ശങ്കർ ദീക്ഷിത് ലെയ്‌നിൽ നിന്ന് രാവിലെ 08.15 ന് രാജ്ഘട്ടിൽ എത്തി.
നേരത്തെ, നിയുക്ത രാഷ്ട്രപതി മഹാത്മാഗാന്ധിയുടെ സ്മാരകമായ രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവിന് ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും പ്രഥമ വനിത സവിത കോവിന്ദിനെയും അവർ കണ്ടു. ചടങ്ങിന് മുന്നോടിയായുള്ള ആചാരപരമായ ഘോഷയാത്രയിലാണ് നിയുക്ത പ്രസിഡന്റും സ്ഥാനമൊഴിയുന്ന പ്രസിഡന്റും പാർലമെന്റിലെത്തിയത്. ദ്രൗപദി മുർമുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ എം വെങ്കയ്യ നായിഡു, ലോക്‌സഭാ സ്പീക്കർ ഓം ബിർള എന്നിവർ സെൻട്രൽ ഹാളിലേക്കാനയിച്ചു.
ചീഫ് ജസ്റ്റിസ് എൻ വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ രജിസ്റ്ററിൽ ഒപ്പിട്ട രാഷ്ട്രപതി, സെൻട്രൽ ഹാളിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് ദ്രൗപതി മുർമു പറഞ്ഞത്: "സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച രാജ്യത്തിന്റെ ആദ്യത്തെ രാഷ്ട്രപതിയാണ് ഞാൻ. സ്വതന്ത്ര ഇന്ത്യയിലെ പൗരന്മാരോട് നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ കരുതിയ പ്രതീക്ഷകൾ നിറവേറ്റാനുള്ള നമ്മുടെ ശ്രമങ്ങൾ വേഗത്തിലാക്കേണ്ടതുണ്ട്."
"പ്രസിഡന്റ് പദവിയിലെത്തുന്നത് എന്റെ വ്യക്തിപരമായ നേട്ടമല്ല, ഇന്ത്യയിലെ എല്ലാ പാവപ്പെട്ടവരുടെയും നേട്ടമാണ്. ഇന്ത്യയിലെ പാവപ്പെട്ടവർക്ക് സ്വപ്നം കാണാൻ മാത്രമല്ല, ആ സ്വപ്നങ്ങൾ നിറവേറ്റാനും കഴിയും എന്നതിന്റെ തെളിവാണ് എന്റെ നാമനിർദ്ദേശം,"
"വർഷങ്ങളായി വികസനം ഇല്ലാത്ത ജനങ്ങൾ -- ദരിദ്രർ, ദലിതുകൾ, പിന്നാക്കക്കാർ, ആദിവാസികൾ -- എന്നെ അവരുടെ പ്രതിഫലനമായി കാണാൻ കഴിയുന്നത് എനിക്ക് സംതൃപ്തി നൽകുന്നു. എന്റെ നാമനിർദ്ദേശത്തിന് പിന്നിൽ പാവപ്പെട്ടവരുടെ അനുഗ്രഹമുണ്ട്. ഇത് കോടിക്കണക്കിന് സ്ത്രീകളുടെ സ്വപ്നങ്ങളുടെയും കഴിവുകളുടെയും പ്രതിഫലനമാണ്."- രാഷ്ട്രപതി കൂട്ടിച്ചേർത്തു.