മുന്നണി വിപുലീകരണകാര്യത്തിൽ യുഡിഎഫിൽ ഭിന്നത രൂക്ഷം

കേരളത്തിലെ യുഡിഎഫ് മുന്നണി വിപുലീകരണം എന്ന ചിന്തൻ ശിബര തീരുമാനത്തിൽ മുന്നണിയിൽ തർക്കം. കോൺഗ്രസ് ഏകപക്ഷീയമായി മുന്നണി വിപുലീകരണം പ്രഖ്യാപിച്ചതിലാണ് ഘടക കക്ഷികൾക്ക് അമർഷം . ആദ്യം കേരള കോൺഗ്രസ് ജോസഫ് വിഭാഗമാണ് കടുത്ത എതിർപ്പുമായി രംഗത്ത് വന്നത്. മുന്നണി വിപുലീകരണം യുഡിഎഫ് ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്ന് മോൻസ് ജോസഫ് പ്രതികരിച്ചു.

മാത്രമല്ല, മുന്നണിയിലേക്ക് കേരള കോൺഗ്രസ് എമ്മിന്റെ കടന്നുവരവിനെ പറ്റി നിലവിൽ ചർച്ച ചെയ്യുന്നത് അപ്രസക്തമാണെന്നും മോൻസ് തുറന്നടിച്ചു. ഇതോടൊപ്പം തന്നെ മുന്നണി വിപുലീകരണം ആലോചിച്ച് തീരുമാനിക്കാത്തതിൽ മുസ്ലീംലീഗിനും കടുത്ത അതൃപ്തിയുണ്ട്.

വിഷയത്തിൽ യുഡിഎഫ് ആണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്ന നിലപാടിലാണ് ലീഗ്. കോൺഗ്രസ് ആരെങ്കിലുമായി ചർച്ച നടത്തിയ കാര്യം അറിയില്ലെന്ന് എം കെ മുനീർ പറഞ്ഞു. കോഴിക്കോട് ചിന്തൻ ശിബിർ തീരുമാനത്തിനെതിരെ മുന്നണിയിലെ പ്രധാന ഘടകകക്ഷികൾ തന്നെ രംഗത്ത് വന്നത് കോൺഗ്രസിന് തലവേദനയാവുകയാണ്.

25-Jul-2022