കോണ്‍ഗ്രസ് തീരുമാനം വെറും തമാശയായി മാത്രമേ കാണാനാകൂ; ഇപി ജയരാജൻ

എല്‍ഡിഎഫില്‍ നിന്ന് ഒരാളെയും കോണ്‍ഗ്രസിന് കിട്ടാന്‍ പോകുന്നില്ലെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി.ജയരാജന്‍. എല്‍ഡിഎഫിലെ അസംതൃപ്തരെ മുന്നണിയിലെത്തിക്കണമെന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിലെ തീരുമാനത്തില്‍ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്ത് കണ്ടിട്ടാണ് ആളുകള്‍ കോണ്‍ഗ്രസിലേക്ക് പോകേണ്ടത്. അവര്‍ തകര്‍ന്ന് കൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ്. യുഡിഎഫ് വിട്ടവരെയും എല്‍ഡിഎഫിലെ അസ്വസ്ഥരെയും മടക്കിക്കൊണ്ടുവരണമെന്ന കോണ്‍ഗ്രസ് തീരുമാനം വെറും തമാശയായി മാത്രമേ കാണാനാകൂ’ ഇ.പി ജയരാജന്‍ പറഞ്ഞു.

മുന്നണി വിട്ടുപോയവരെ തിരികെ കൊണ്ടുവരണമെന്നും എല്‍ഡിഎഫിലെ അസംതൃപ്ത വിഭാഗത്തെ യുഡിഎഫിലേക്ക് എത്തിക്കാന്‍ പരിശ്രമിക്കണമെന്നും ചിന്തന്‍ ശിബിരത്തില്‍ പ്രമേയം വന്നിരുന്നു. യുഡിഎഫിന്റെ ജനകീയ അടിത്തറ വര്‍ധിപ്പിക്കും. ഇടതു നിലപാടുള്ള സംഘടനകള്‍ക്ക് പിണറായി വിജയന്‍ സര്‍ക്കാരിന്റെ വലതുപക്ഷനയങ്ങള്‍ പിന്തുടര്‍ന്ന് ഏറെക്കാലം എല്‍ഡിഎഫില്‍ തുടരാന്‍ കഴിയില്ലെന്നും ഇന്നലെ അവസാനിച്ച ചിന്തന്‍ ശിബിരം അഭിപ്രായപ്പെട്ടിരുന്നു.

25-Jul-2022