ഇന്ത്യയുടെ സ്വാതന്ത്ര്യസമരം ആയിരക്കണക്കിന് ധീരരായ രക്തസാക്ഷികളുടെ ത്യാഗങ്ങളാൽ അലങ്കരിക്കപ്പെട്ടതാണ് : എളമരം കരിം
അഡ്മിൻ
സാംസ്‌കാരിക മന്ത്രാലയവും ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചും സംയുക്തമായി പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന് മലബാർ കാർഷിക കലാപത്തിലെ ധീര നേതാക്കളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസലിയാർ എന്നിവരുൾപ്പെടെ 387 രക്തസാക്ഷികളെ ഒഴിവാക്കാനുള്ള തീരുമാനം പിൻവലിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എംപിയുമായ എളമരം കരിം.
സങ്കുചിത രാഷ്ട്രീയ നേട്ടങ്ങൾക്കായി മലബാർ കാർഷിക കലാപത്തെ രണ്ട് മതങ്ങൾ തമ്മിലുള്ള സംഘർഷം മാത്രമായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. മലബാര്‍ കാര്‍ഷിക കലാപത്തിന് നേതൃത്വം നല്‍കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും സഹപ്രവര്‍ത്തകരേയും സ്വാതന്ത്ര്യ സമര സേനാനികളായി എല്ലാവരും അംഗീകരിച്ചതാണ് എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ സംബന്ധിച്ച് ഏതൊരു ധാരണയുമില്ലാത്ത ഒരു കൂട്ടം ആളുകളാണ് അവരെ രക്തസാക്ഷി നിഘണ്ടുവിൽ നിന്നും നീക്കാനുള്ള നടപടികൾക്ക് പിന്നിൽ. ഇന്ത്യയുടെ സ്വാതന്ത്ര്യസമരം ആയിരക്കണക്കിന് ധീരരായ രക്തസാക്ഷികളുടെ ത്യാഗങ്ങളാൽ അലങ്കരിക്കപ്പെട്ടതന്നെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു മതത്തെ മാത്രം അടിസ്ഥാനമാക്കി ചിലരെ നീക്കം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ഈ തീരുമാനം എത്രയും പെട്ടെന്ന് പിൻവലിച്ചു തെറ്റ് തിരുത്താൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്നും എളമരം കരിം ആവശ്യപ്പെട്ടു..