രാജ്യത്ത് പാചക വാതക സബ്‌സിഡിയിൽ കേന്ദ്രം വെട്ടിക്കുറച്ചത് കോടിക്കണക്കിന് രൂപ
അഡ്മിൻ
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ രാജ്യത്ത് പാചക വാതക സബ്‌സിഡിയിൽ കോടിക്കണക്കിന് രൂപ വെട്ടിക്കുറച്ചെന്ന് കേന്ദ്രസർക്കാർ. രാജ്യസഭയിൽ കേന്ദ്ര പെട്രോളിയം - പ്രകൃതി വാതകം സഹമന്ത്രി രാമേശ്വർ തെലി രേഖാമൂലം നൽകിയ മറുപടിയിലാണ് ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നയം തുറന്നു കാട്ടുന്ന കണക്കുകൾ ഉള്ളത്.
2019-20ൽ 24172 കോടി രൂപ സബ്സിഡി നൽകിയത്, 2021-22ൽ വെറും 242 കോടിരൂപയായി കുറച്ചു. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വഴിയുള്ള സബ്സിഡി തുക 2019-20ൽ 22726 കോടി രൂപ ആയിരുന്നത് 2021-22ൽ വെറും 242 കോടി രൂപയായി കുറഞ്ഞു. ബിജെപി രാജ്യത്താകെ കൊട്ടിഘോഷിക്കുന്ന പ്രധാനമന്ത്രി ഉജ്ജ്വലയോജന സംബന്ധിച്ചുള്ള കണക്കുകൾ ഏറെ രസകരമാണ്. പ്രധാനമന്ത്രി ഉജ്ജ്വൽ യോജന വഴിയുള്ള സബ്സിഡി 2019-20ൽ 1446 കോടി രൂപയായിരുന്നു. 2020-21ൽ ഇത് വെറും 76 കോടി രൂപയായി. 2021-22 ലാകട്ടെ ഈ പദ്ധതിക്ക് ഒരുരൂപയും നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാരിന്റെ തന്നെ കണക്കുകൾ പറയുന്നു.
സബ്‌സിഡി ഇല്ലാതാക്കി ജനങ്ങളെ കമ്പോളത്തിന്റെ ദയാദാക്ഷണ്യങ്ങൾക്ക് വിട്ട് കൊടുത്തതായി എഎ റഹിം ആരോപിച്ചു , കേന്ദ്രസർക്കാർ പൂർണമായും കാഴ്ചക്കാരായി മാറിനിൽക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. പ്രധാനമന്ത്രി ഉജ്ജ്വൽയോജന പദ്ധതിയുടെ പരസ്യത്തിന് മാത്രം കോടിക്കണക്കിന് രൂപയാണ് സർക്കാർ ചിലവഴിച്ചത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വിദ്യ മാത്രമായിരുന്നു ഈ പദ്ധതിയും. പാചക വാതക സബ്സിഡി അവസാനിപ്പിക്കരുത്, അതിനായുള്ള വിഹിതം കേന്ദ്രം ഉറപ്പാക്കണം. ജനങ്ങളുടെ ജീവിത ചിലവിനെ നേരിട്ട് ബാധിക്കുന്ന ഈ നയത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.