സിൽവർലൈൻ പദ്ധതിക്ക്‌ അനുമതി നൽകാൻ കേന്ദ്രം ബാധ്യസ്ഥരാണ്‌: മന്ത്രി കെഎൻ ബാലഗോപാൽ

സംസ്ഥാനത്തിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ ദുർബലപ്പെടുത്താൻ കേന്ദ്രസർക്കാർ ആസൂത്രിതനീക്കം നടത്തുകയാണ് എന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ . സിൽവർലൈൻ പദ്ധതിക്ക്‌ അനുമതി നൽകാൻ കേന്ദ്രം ബാധ്യസ്ഥരാണ്‌. കേന്ദ്രാനുമതി ഉണ്ടെങ്കിലേ മുന്നോട്ടുപോകാനാകൂ. സംസ്ഥാനത്തിന് അവകാശപ്പെട്ട കാര്യങ്ങൾ ഇല്ലാതാക്കുകയാണ്‌ കേന്ദ്രമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രധനമന്ത്രി നിർമലാ സീതാരാമന്‌ സംസ്ഥാനത്തിന്റെ നിലപാട് വ്യകത്മാക്കി വിശദമായ കത്ത്‌ അയച്ചു. സംസ്ഥാനങ്ങളുടെ താൽപ്പര്യം ഹനിക്കുന്ന തരത്തിൽ ഭരണഘടനാ വ്യവസ്ഥകളെ തെറ്റായി വ്യാഖ്യാനിക്കുകയാണ്‌. ധനകാര്യ കമീഷൻ വഴിയും മറ്റ്‌ മാർഗങ്ങളിലൂടെയും ധനകൈമാറ്റത്തിൽ കുറവു വരുത്തി. സംസ്ഥാനത്തിന് ലഭിക്കേണ്ട വായ്‌പാപരിധി കുറച്ച്‌ 3.5 ശതമാനമാക്കി. കിഫ്ബി, കേരള സ്റ്റേറ്റ് സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എന്നിവയുടെ പ്രവർത്തനത്തിനായി നൽകുന്ന ഗ്യാരന്റി സർക്കാരിന്റെ കടബാധ്യതയായി നിർവചിച്ചതുമൂലം 14,000കോടി രൂപ കടമായി വിലയിരുത്തി.

വയബിലിറ്റി ഗ്യാപ് ഫണ്ടിങ്‌ വഴി പദ്ധതികൾ ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാരുകളുടെ അധികാരം എടുത്തുമാറ്റപ്പെട്ടു. ലൈഫ് ഭവന പദ്ധതിക്കായി വായ്പ സമാഹരിക്കുന്നതുപോലും തടസ്സപ്പെടുത്തുകയാണ് എന്ന് അദ്ദേഹം ആരോപിച്ചു.

27-Jul-2022