എംപി മാരുടെ സസ്‌പെൻഷൻ പാർലമെന്റിന്റെ ജനാധിപത്യ പ്രവർത്തനത്തിനേറ്റ കനത്ത പ്രഹരം: സിപിഎം
അഡ്മിൻ
രണ്ട് സിപിഐ എം എംപിമാർ ഉൾപ്പെടെ ലോക്‌സഭയിലെ നാല് പ്രതിപക്ഷ എംപിമാരെയും രാജ്യസഭയിലെ പ്രതിപക്ഷത്തിന്റെ 20 എംപിമാരെയും തുടർച്ചയായ ദിവസങ്ങളിൽ സസ്‌പെൻഡ് ചെയ്തത് പാർലമെന്റിന്റെ ജനാധിപത്യ പ്രവർത്തനത്തിനേറ്റ കനത്ത പ്രഹരമാണെന്ന് സിപിഎം പിബി.
പാർലമെന്റ് അംഗങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന അവകാശങ്ങൾക്ക് മേലുള്ള കടന്നാക്രമണമാണിത്. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ ജനജീവിതം ദുസ്സഹമാക്കുന്ന, ജനങ്ങൾ അഭിമുഖീകരിക്കുന്ന പൊള്ളുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഗൗരവമായി ചർച്ചചെയ്യാൻ ചട്ടങ്ങൾക്കനുസരിച്ച് പ്രതിപക്ഷം അവതരിപ്പിക്കുന്ന പ്രമേയങ്ങൾ ഒന്നുംതന്നെ അംഗീകരിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ലെന്നും സിപിഎം പ്രസ്താവനയിൽ കുറ്റപ്പെടുത്തി .
പാർലമെന്റിൽ എല്ലാ വിഷയങ്ങളും തുറന്ന ചർച്ചയ്ക്ക് വിധേയമാക്കുമെന്ന് പൊതുസമൂഹത്തെ ധരിപ്പിക്കുന്ന ബിജെപി അത്തരത്തിലുള്ള ചർച്ചകളെ യഥാർത്ഥത്തിൽ ബോധപൂർവം തടസ്സപ്പെടുത്തുകയാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ചചെയ്യപ്പെടേണ്ട പരമോന്നത വേദിയായ പാർലമെന്റിന്റെ മൂല്യച്യുതി വരുത്തി പ്രതിപക്ഷത്തിന്റെ ശബ്ദം ഇല്ലാതാക്കുകയാണ് മോദി സർക്കാർ. ഇതിനെതിരായി പൊതുജനങ്ങളെ അണിനിരത്തിക്കൊണ്ട് ജനാധിപത്യ സംരക്ഷണത്തിനായി ശക്തമായി മുന്നിട്ടിറങ്ങണമെന്നും സിപിഎം പിബി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.