യുഡിഎഫിനെ വെട്ടിലാക്കി ബിജെപി ബന്ധം നിഷേധിക്കാതെ കാപ്പൻ

എൻഡിഎ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ ഒരു പടി കൂടി കടന്ന പ്രതികരണവുമായി പാലാ എംഎൽഎ മാണി സി കാപ്പൻ. രാഷ്ട്രീയമല്ലേ, കാലം മാറിവരുമെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കാപ്പൻ്റെ മറുപടി. കോട്ടയം ജില്ലയിലെ ഒരു എംഎൽഎ എൻഡിഎയുടെ ഭാഗമാകുമെന്നും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് കാപ്പൻ്റെ പ്രതികരണം.

എൻസിപി വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫിൽ ചേര്‍ന്ന മാണി സി കാപ്പൻ മുന്നണിയുമായി അകൽച്ചയിലാണെന്ന് മാസങ്ങള്‍ക്ക് മുൻപു തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാനായി വിഡി സതീശൻ തന്നെ നേരിട്ട് എത്തിയിട്ടും കാപ്പൻ വഴങ്ങിയിരുന്നില്ല. ഇതോടെ എംഎൽഎ മുന്നണി വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി.

എൽഡിഎഫിനൊപ്പം കേരള കോൺഗ്രസ് എം ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ ഇടതുമുന്നണി പ്രവേശനവും കാപ്പന് ദുഷ്കരമാണ്. ഇതിനിടയിലാണ് എൻഡിഎ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തിപ്പെട്ടത്. കോട്ടയത്തെ ഒരു എംഎൽഎയുമായി ബിജെപി ചര്‍ച്ച തുടരുകയാണെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപായി ഇദ്ദേഹം എൻഡിഎയിലെത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനു പിന്നാലെയായിരുന്നു ഇത് മാണി സി കാപ്പൻ ആണെന്ന അഭ്യൂഹങ്ങൾ പരന്നത്.

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഒരു എംഎൽഎയുടെ വോട്ട് ദ്രൗപതി മുര്‍മുവിന് ലഭിച്ചിരുന്നു. എന്നാൽ ഇത് ആരാണെന്ന വിവരങ്ങൾ പുറത്തു വന്നില്ല. കാപ്പൻ്റെ വോട്ട് ദ്രൗപതി മുര്‍മുവിന് അനുകൂലമാണെന്ന പ്രചാരണം അദ്ദേഹം നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ എൻഡിഎ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾ തള്ളാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഇതിന് ഒരു ദിവസത്തിനു ശേഷമാണ് കാലം മാറി വന്നാൽ താൻ ബിജെപിയിലെത്തിയേക്കുമെന്ന സൂചന കാപ്പൻ പുറത്തു വിടുന്നത്.

28-Jul-2022