ഈഡിക്ക് അമിതാധികാരം; സുപ്രീംകോടതി വിധി ഞെട്ടിക്കുന്നത്; സീതാറാം യെച്ചൂരി
അഡ്മിൻ
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ ഈഡിക്ക് അമിതാധികാരം നൽകുന്ന വകുപ്പുകൾ ഭരണഘടനാപരമാണെന്ന സുപ്രീംകോടതി വിധി ഞെട്ടിക്കുന്നതാണെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി .
പ്രതിപക്ഷത്തിനെതിരായ ആയുധമായാണ് മോദി സർക്കാർ ഈഡിയെ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വിധി നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യത്തിനും പൗരസ്വാതന്ത്ര്യത്തിനും കനത്ത വെല്ലുവിളിയുയർത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതോടൊപ്പം തന്നെ, ഭൂമാഫിയയ്ക്കൊപ്പം നില്‍ക്കാതെ ഭൂരഹിതരുടെ പ്രയാസങ്ങള്‍ പരിഹരിക്കണമെന്ന് തെലങ്കാനയിലെ ടിആർഎസ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. എല്ലാ ഭൂരഹിതർക്കും രണ്ടുമുറി വീടെന്ന ടിആർഎസ് സർക്കാരിന്റെ വാഗ്ദാനം എട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും നടപ്പിലാക്കിയില്ല. ആവശ്യത്തിന് ഭൂമിയില്ല എന്നതായിരുന്നു ഇതിനു കാരണമായി പറഞ്ഞിരുന്നത്.
തെലങ്കാനയിലെ ജക്കലോഡിയിലും സമീപത്തെ ബസ്താനചെരുവിലും വരുന്ന ഇരുന്നൂറ് ഏക്കറോളം വരുന്ന തരിശ് ഭൂമിയിലാണ് സമരം നടക്കുന്നത്. ടിആർഎസ് സർക്കാർ പൊലീസിനെ ഉപയോഗിച്ച് സമരത്തെ ശക്തമായി അടിച്ചമർത്താൻ ശ്രമിക്കുകയാണ്. സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ കെട്ടിയ കുടിലുകൾ പൊലീസ് ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിച്ചുനീക്കി. എന്നാൽ നാലായിരം കുടിലുകൾ തകർത്തപ്പോൾ പതിനായിരം കുടിലുകളാണ് ജക്കലോഡിയയിൽ സിപിഐ എം ഉയർത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.