കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയുയർന്നു

ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ വർണാഭമായ ഉദ്ഘാടനച്ചടങ്ങുമായി കോമണ്‍വെല്‍ത്ത് ഗെയിംസിന് (CWG 2022) തുടക്കമായി. ബര്‍മിങ്ഹാമിലെ അലക്സാണ്ടര്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12.30ഓടെയാണ് ഉദ്ഘാടനച്ചടങ്ങുകൾ തുടങ്ങിയത്.

സ്റ്റേഡിയം നിറഞ്ഞ കാണികളുടെ ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ ഒന്നരയോടെയാണ് അത്‍ലറ്റുകളുടെ പരേഡ് തുടങ്ങിയത്. ആദ്യമെത്തിയത് ഓസ്ട്രേലിയ ആയിരുന്നു. ഓഷ്യാന രാജ്യങ്ങൾക്ക് ശേഷം ആഫ്രിക്കൻ, കരീബിയൻ രാജ്യങ്ങൾ വേദിയിലേക്ക് എത്തി.

ഇതിന് ശേഷമായിരുന്നു ഏഷ്യയുടെ ഊഴം. അങ്ങനെ രണ്ട് മണിയോടെ ഇന്ത്യൻ സംഘം എത്തിയതോടെ ആരവം ഉയർന്നു. വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റില്‍ ബാഡ്മിന്‍റണ്‍ താരം പി വി സിന്ധുവും ഹോക്കി ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗുമാണ് ഇന്ത്യയെ നയിച്ചത്. 2018ല്‍ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും സിന്ധുവാണ് ഇന്ത്യയുടെ ദേശീയ പതാകയേന്തിയത്.

മന്‍പ്രീത് കഴിഞ്ഞ വര്‍ഷം നടന്ന ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ പതാകവാഹകരില്‍ ഒരാളായിരുന്നു. ഏറ്റവും ഒടുവിൽ ആതിഥേയരായ ഇം​ഗ്ലണ്ടിന്റെ സംഘവും മാർച്ച് പാസ്റ്റിൽ പങ്കെടുത്ത ശേഷം ഔദ്യോ​ഗികമായി കോമണ്‍വെല്‍ത്ത് ഗെയിംസിന് പതാക ബര്‍മിങ്ഹാമില്‍ ഉയർന്നു.

29-Jul-2022