കേന്ദ്ര വാര്‍ത്തപ്രക്ഷേപണ മന്ത്രി കേരളത്തിലെ മാധ്യമങ്ങളുമായി നടത്തിയ ചർച്ചയിൽ ഗൂഡാലോചന; എളമരം കരിം
അഡ്മിൻ
കേന്ദ്ര വാര്‍ത്തപ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് താക്കൂര്‍ ജൂലൈ നാലിന് കോഴിക്കോട് ചില മലയാള മാധ്യമ സ്ഥാപന മേധാവികളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണ് എന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരിം എംപി.
ചില മാധ്യമസ്ഥാപനങ്ങൾക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഈ യോഗം മാധ്യമ വ്യവസായത്തിലെ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാനായിരുന്നുവെന്നാണ് യോഗത്തില്‍ പങ്കെടുത്ത മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍ യോഗത്തിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന് രാജ്യസഭയില്‍ പരസ്പര വിരുദ്ധമായതും അവ്യക്തവുമായ മറുപടിയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് അവബോധം നല്‍കാനാണ് യോഗം വിളിച്ചതെന്നാണ് രാജ്യസഭയില്‍ അനുരാഗ് താക്കൂര്‍ നല്‍കിയ മറുപടിയിൽ പറയുന്നത്. ഇത് പുറത്തുവന്ന വാര്‍ത്തകള്‍ക്ക് കടക വിരുദ്ധമാണ്. കൂടാതെ എന്ത് മാനദണ്ഡമാണ് ഈ മാധ്യമങ്ങളെ ക്ഷണിക്കുന്നതിന് സ്വീകരിച്ചത്? ചില മാധ്യമങ്ങളെ എന്തുകൊണ്ട് യോഗത്തിന് വിളിച്ചില്ല? തുടങ്ങിയ പ്രസക്തമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും കേന്ദ്രമന്ത്രി തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ ഒളിച്ചുകളിയിലൂടെ കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് യോഗം ചേര്‍ന്നതെന്ന് വ്യക്തമാവുകയാണ്. സംശയത്തിന്റെ നിഴലിലായ സര്‍ക്കാരിന് യോഗത്തിന്റെ പൂര്‍ണമായ ഉള്ളടക്കം എന്തായിരുന്നുവെന്നത് വെളിപ്പെടുത്താന്‍ ബാധ്യതയുണ്ട്. യോഗ പങ്കാളിത്തത്തിന്റെ യോഗ്യതയും അയോഗ്യതയും എന്തായിരുന്നുവെന്നതിലുൾപ്പെടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിതരാതെ ഒളിച്ചുകളിച്ച മന്ത്രിയുടെ നടപടി പ്രതിഷേധാർഹമാണ്. ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ നൽകാൻ മന്ത്രിക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് രാജ്യസഭാ ചെയര്‍മാന് പരാതി നൽകുമെന്നും എംപി അറിയിച്ചു..