ജഡ്‌ജിമാരെ നിയമിക്കുന്ന കൊളീജിയത്തെപ്പോലും കേന്ദ്രസർക്കാർ സമ്മർദ്ദത്തിലാക്കി: പ്രകാശ് കാരാട്ട്

എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിനുള്ള (ഇഡി) വിശാല അധികാരങ്ങൾ ശരിവച്ച സുപ്രീംകോടതി വിധി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് സിപിഎം പിബി അംഗം പ്രകാശ് കാരാട്ട് . ഇഡിയെ ദുരുപയോഗിച്ച്‌ ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും ചവിട്ടിമെതിക്കാൻ കേന്ദ്രസർക്കാരിനാകും. പ്രതിപക്ഷ പാർടികൾക്കും മനുഷ്യാവകാശ പ്രവർത്തകർക്കും മാധ്യമങ്ങൾക്കും എതിരായ ഇഡിയുടെ നടപടികൾ സുപ്രീംകോടതി വിധിയോടെ കൂടുതൽ രൂക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത്‌ വംശഹത്യകേസിലെ സുപ്രീംകോടതി വിധിയുടെ ആനുകൂല്യത്തിലാണ്‌ ടീസ്‌ത സെതൽവാദിനെയും ആർ ബി ശ്രീകുമാറിനെയും ഗുജറാത്ത്‌ പൊലീസ്‌ കള്ളക്കേസിൽ ജയിലിലടച്ചത് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു .

ഗുജറാത്ത്‌ വംശഹത്യ കേസിൽ വിധിപറഞ്ഞ ജസ്‌റ്റിസ്‌ എ എം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്‌ ഇഡി കേസിലും വിധിപറഞ്ഞത്‌. വിരമിക്കുന്നതിന്റെ തലേന്നായിരുന്നു ഇഡി കേസിലെ വിധി. ജഡ്‌ജിമാർക്കുമേലുള്ള സമ്മർദ്ദമാണ് ഗുരുതര പ്രത്യാഘാതങ്ങൾക്ക്‌ ഇടയാക്കുന്ന ഇത്തരം വിധികൾക്ക് കാരണം. ജഡ്‌ജിമാരെ നിയമിക്കുന്ന കൊളീജിയത്തെപ്പോലും കേന്ദ്രസർക്കാർ സമ്മർദ്ദത്തിലാക്കി. ജഡ്‌ജിമാർ ഇത്തരം സമ്മർദങ്ങൾക്ക്‌ വഴങ്ങാതെ ഭരണഘടനാനുസൃതമായി പ്രവർത്തിക്കേണ്ടവരാണെന്ന് പ്രകാശ് കാരാട്ട് ഓർമ്മിപ്പിച്ചു.

29-Jul-2022