സംസ്ഥാനത്തെ ഐ ടി മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും: മുഖ്യമന്ത്രി

കേരളത്തിലെ ഐ ടി മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഐടി രംഗത്ത് വലിയ കുതിപ്പാണ് ഉണ്ടാകുന്നത്. ശാന്തമായ സാമൂഹ്യ അന്തരീക്ഷം ഐടി മേഖലയ്ക്ക് അനുകൂലമാണ്. ഐടി മേഖലയിൽ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും. നാല് ഐടി ഇടനാഴികൾ സ്ഥാപിക്കും. ഐടി വികസനം കൂടി ലക്ഷ്യം വച്ചാണ് വികസന പദ്ധതികൾ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചി മുതൽ കോയമ്പത്തൂർ വരെ ഹൈടെക് ഇൻഡസ്ട്രിയൽ കൊറിഡോർ വരികയാണ്. നിലവിലുള്ള ഐ ടി പാർക്കിനോട് അനുബന്ധമായായിരിക്കും ഇത്. കെ ഫോണിന്റെ അതിവേഗ ഒപ്റ്റിക്കൽ ഇവയെ ബന്ധിപ്പിക്കും. ഐടി രംഗത്തെ വനിതാ ജീവനക്കാരുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുമെന്നും നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സർക്കാർ വ്യവസായങ്ങൾ വളരുന്നതിന് അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. അതിനായി എല്ലാ തരത്തിലെയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകുന്നു. ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപെടുന്ന പ്രവർത്തനങ്ങൾ കേരളം നടത്തുന്നു. നല്ലത് കാണാൻ പ്രയാസമുള്ള ചുരുക്കം ചിലർ ഇവിടെയുണ്ട്. എങ്കിലും ഐ ടി മേഖലയിലെ കുതിപ്പുകൾ കാണാതെ പോകരുതെന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി.

29-Jul-2022