പത്ര ചൗള്‍ ഭൂമി തട്ടിപ്പ് കേസില്‍ ശിവസേനാ നേതാവും രാജ്യസഭാ എം.പി.യുമായ സഞ്ജയ് റാവുത്തിനെ (60) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. സാമ്പത്തിക അന്വേഷണ ഏജന്‍സി അദ്ദേഹത്തിന്റെ വസതിയില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് ശിവസേന നേതാവിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് വിവരം സഹോദരന്‍ സുനില്‍ റാവുത്തിനെ ഇഡി അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം, 2002 പ്രകാരമാണ് റാവുത്തിനെതിരെ കേസെടുത്തിരിക്കുന്നത്, തിങ്കളാഴ്ച ഉച്ചയോടെ പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കും. 'എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സഞ്ജയ് റാവുത്തിനെ ഭയക്കുന്നതിനാലാണ് അദ്ദേഹത്തെ അറസ്റ്റുചെയ്തിരിക്കുന്നത്.' ഭൂമി തട്ടിപ്പ് കേസില്‍ ശിവസേന എംപിയെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ സുനില്‍ റാവുത്ത് പറഞ്ഞു.
അതേസമയം, സഞ്ജയ് റാവുത്ത് ചോദ്യം ചെയ്യലിന് ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നില്ലെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു. ഇഡി ഓഫീസിലേക്ക് പോകാന്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടപ്പോള്‍, താന്‍ സിറ്റിംഗ് എംപിയാണെന്നും ഓഗസ്റ്റ് ഏഴ് വരെ സമയം വേണമെന്നും സഞ്ജയ് ഇഡിയോട് പറഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു.
എന്നാൽ, കേന്ദ്ര ഏജന്‍സിയുടെ അന്വേഷണവുമായി റാവുത്ത് സഹകരിക്കുന്നില്ലെന്ന ആരോപണം സഞ്ജയ് റാവുത്തിന്റെ സഹോദരന്‍ സുനില്‍ നിഷേധിച്ചു. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായുള്ള അടുപ്പം മൂലമാണ് സഞ്ജയ് റാവുത്തിനെതിരെ ഇഡി നടപടി സ്വീകരിച്ചതെന്നും സുനില്‍ ആരോപിച്ചു.