കേരളത്തിൽ അതിതീവ്ര മഴ; ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്
അഡ്മിൻ
മധ്യ-തെക്കന്‍ കേരളത്തില്‍ അതിതീവ്ര മഴ തുടരുന്നു. ഇന്ന് ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യത. തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരുന്നത്. നാളെ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്.
പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷവും നാളെയും അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ഇടുക്കി,കോട്ടയം ജില്ലകളില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. ഇടുക്കി ജില്ലയിലെ മലയോര മേഖലകളിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചു. രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെയാണ് നിരോധനം. സംസ്ഥാനത്ത് അടുത്ത നാലു ദിവസം മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊല്ലത്തെ തീരമേഖലയില്‍ കനത്ത കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
വനത്തിലെ ട്രക്കിങ്ങും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബോട്ടിങ്ങും നിര്‍ത്തിവെച്ചു. ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം തുടരുകയാണ്. എറണാകുളം കോട്ടയം കൊല്ലം മലപ്പുറം ജില്ലകളിലേക്ക് എന്‍ഡിആര്‍എഫിനെ കൂടാതെ പ്രത്യേക ടീമുകള്‍ നിയോഗിക്കാനാണ് തീരുമാനം.
ഇതിനിടെ സംസ്ഥാനത്തെ അഞ്ചു ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കുണ്ടള, ലോവര്‍ പെരിയാര്‍, ഇരട്ടയാര്‍,കല്ലാര്‍കുട്ടി, പൊന്മുടി ഡാമുകളിലാണ് റെഡ് അലര്‍ട്ട്. മംഗലം,മീങ്കര ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 140 സെ. മീ ഉയര്‍ത്തി. നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകളും അഞ്ചു സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. പേപ്പാറ ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു. പെരിങ്ങള്‍ക്കുത്തു ഡാമില്‍ നിന്ന് കൂടുതല്‍ ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കും.
മധ്യ-തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തുടരുന്ന ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. ഇത് ന്യൂനമര്‍ദ്ദമായി മാറിയേക്കുമെന്നാണ് വിലയിരുത്തല്‍. ചൊവ്വാഴ്ച മുതല്‍ മഴ കുറച്ചുകൂടി ശക്തമാകുമെന്നാണ് പ്രവചനം. ഇടിമിന്നലോടുകൂടി തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ പ്രദേശികമായി ചെറു മിന്നല്‍ പ്രളയമുണ്ടാകാമെന്നും കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്