മോദി സർക്കാർ ഇന്ത്യൻ ഭരണഘടനയെ തകർക്കുന്നു: സീതാറാം യെച്ചൂരി

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന്‌ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി . തൊ‍ഴിലില്ലായ്‌മ വർധിച്ചുവരികയാണ്‌. ഒഴിവുകൾ അടിയന്തരമായി നികത്താൻ സർക്കാർ തയ്യാറാകണം. രാഷ്‌ട്രീയ എതിരാളികളെ വേട്ടയാടാൻ ഇ.ഡിയെ ഉപയോഗിക്കുകയാണ്‌. 75 വർഷമായി രാജ്യത്ത്‌ നടക്കാത്ത കാര്യങ്ങളാണ്‌ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്‌. 27 എംപിമാരെ സസ്‌പെൻഡ്‌ ചെയ്‌ത നടപടി ജനാധിപത്യ വിരുദ്ധമാണ്‌. മോദി സർക്കാർ ഇന്ത്യൻ ഭരണഘടനയെ തകർക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.


കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ മോദി സർക്കാർ വേട്ടയാടുന്നത്‌ അടക്കമുള്ള വിഷയങ്ങൾ ഉയർത്തി രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

സിപിഐ എം കേന്ദ്ര കമ്മിറ്റിയാണ്‌ ഇതു സംബന്ധിച്ച തീരുമാനമെടുത്തത്‌. ഡൽഹിയിൽ രണ്ടുദിവസമായി ചേർന്ന സിസി യോഗത്തിൽ സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങൾ ചർച്ച ചെയ്‌തു. കേരളത്തിൽ ഇടതുപക്ഷ സർക്കാരിനെതിരായി കോൺഗ്രസും ബിജെപിയും കൈകോർത്ത്‌ നീങ്ങുകയാണ്‌.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം മുൻനിർത്തി ആഗസ്‌ത്‌ ഒന്നുമുതൽ 15 വരെ രാജ്യവ്യാപകമായി പരിപാടി സംഘടിപ്പിക്കും. ആഗസ്‌ത്‌ 15ന്‌ എല്ലാ സിപിഐ എം ഓഫീസുകളിലും ദേശീയപതാക ഉയർത്തും.ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട്‌ വിട്ടുനിൽക്കുന്നെന്ന്‌ വിശദീകരിക്കേണ്ടത്‌ തൃണമൂലാണ്‌. പ്രതിപക്ഷത്തിന്റെ സ്ഥാനാർഥിയെ പിന്തുണയ്‌ക്കുമെന്ന്‌ ഉറപ്പുനൽകിയശേഷം എന്തുകൊണ്ട്‌ പിൻവാങ്ങിയെന്നതിന്‌ അവർ മറുപടി നൽകണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

01-Aug-2022