നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റും

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ തീരുമാനം. സിബിഐ പ്രത്യേക കോടതി ജഡ്ജി ഹണി എം വര്‍ഗീസിന് പകരം പുതിയ ജഡ്ജിയെ നിയമിച്ച സാഹചര്യത്തിലാണ് നീക്കം. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ ജഡ്ജിയായിരുന്ന കെകെ ബാലകൃഷ്ണനാണ് പുതിയ സിബിഐ സ്‌പെഷ്യല്‍ ജഡ്ജി. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ആയ ഹണി എം വര്‍ഗീസ് സിബിഐ പ്രത്യേക കോടതിയുടെ അധിക ചുമതല നിര്‍വ്വഹിക്കുകയായിരുന്നു. ഇതോടെയാണ് കേസ് പരിഗണിക്കുന്ന കോടതി മാറ്റിയത്.

എന്നാല്‍ കേസിലെ തുടര്‍ വിചാരണ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായ ഹണി എം വര്‍ഗീസ് തന്നെയാകും നടത്തുക. ഇത് സംബന്ധിച്ച് ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായേക്കും. നേരത്തെ കേസ് പരിഗണിക്കാന്‍ വനിതാ ജഡ്ജ് വേണമെന്ന അതിജീവിതയുടെ ആവശ്യം പരിഗണിച്ചാണ് സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ഹണി എം വര്‍ഗീസിനെ നിയമിച്ചത്. നിലവില്‍ വിചാരണക്കോടതി ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്ന നിലപാടിലാണ് അതിജീവിത.

കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും. കേസില്‍ അനുബന്ധകുറ്റപത്രം നല്‍കിയ സാഹചര്യത്തില്‍ ഇതിന്റെ പകര്‍പ്പ് തേടി നടി വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. വിചാരണ നീണ്ടുപോകാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെയും സമീപിച്ചിട്ടുണ്ട്.

02-Aug-2022