നാൻസി പെലോസിയുടെതായ്‌വാൻ സന്ദർശനം ചൈനയുടെ പരമാധികാരത്തെ ലംഘിക്കുന്നത്; ചൈനീസ് വിദേശകാര്യ മന്ത്രി

യു എസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനം ചൈനയുടെ പരമാധികാരത്തെ ലംഘിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി. പെലോസിയുടെ തായ്വാൻ സന്ദർശനത്തെ ചൈനീസ് സ്‌റ്റേറ്റ് കൗൺസിലറും വിദേശകാര്യമന്ത്രിയുമായ വാങ് യി അപലപിച്ചു. ചൈനയുടെ വികസനത്തെ അട്ടിമറിക്കുന്നത് അവസാനിപ്പിക്കണമെന്ന് വാങ് യി അമേരിക്കയോട് അഭ്യർത്ഥിച്ചു.

പെലോസിയുടെ തായ്വാൻ സന്ദർശനം ഗുരുതരമായ ചട്ടലംഘനമാണ്. ചൈനയുടെ പരമാധികാരം ക്ഷുദ്രകരമായി ലംഘിക്കുന്ന പ്രവൃത്തിയാണിത്. ഇത് ചൈനീസ് ജനതയുടെ കടുത്ത രോഷം ഉണർത്തിയെന്നും വാങ് യി പറഞ്ഞു. അതേസമയം ചൈനയുടെ പ്രതിരോധ മന്ത്രാലയം അതീവ ജാഗ്രതയിലാണ്. നാൻസി പെലോസി തായ്വാൻ സന്ദർശനത്തിനെതിരായ പ്രതിരോധ നടപടികൾ ആരംഭിക്കുമെന്ന് ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

എങ്ങനെ ഒരുമിച്ച് മുന്നോട്ട് പോകുമെന്ന് നിങ്ങളിൽ നിന്നും പഠിക്കാൻ ഞങ്ങൾ ഇവിടെയുണ്ടെന്നാണ് നാൻസി പെലോസി പറഞ്ഞത്. നിങ്ങളെ ശ്രദ്ധിക്കാനും ഒരുമിച്ച് മുന്നോട്ടു പോകാനും ഞങ്ങളിവിടെ ഉണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യം, സമ്പദ് വ്യവസ്ഥ, സുരക്ഷ, ഭരണം എന്നിവ വിജയകരമായി കൈകാര്യം ചെയ്തതിൽ ചൈനയെ അഭിനന്ദിക്കുന്നുവെന്ന് പെലോസി പറഞ്ഞിരുന്നു.

അതിനിടെ പെലോസിയുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ചൈനയിലെ അമേരിക്കൻ അംബാസിഡറെ വിളിച്ചു വരുത്തി ചൈന പ്രതിഷേധം അറിയിച്ചിരുന്നു. പെലോസിയുടെ തായ്വാൻ സന്ദർശനം പ്രകോപനപരമാണെന്നും വെറുതെയിരിക്കില്ലെന്നും ചൈന അറിയിച്ചിരുന്നു. ഇന്നലെ രാത്രിയാണ് പെലോസിയും സംഘവം തായ്വാനിലെത്തിയത്. ഇന്ന് തായ്വാനീസ് പ്രസിഡന്റുമായി ചർച്ചകൾ നടത്തും.

03-Aug-2022