പന്തളം നഗര സഭയില്‍ ബിജെപിയുടെ തമ്മിലടി
അഡ്മിൻ
33 ല്‍ 18 കണ്‍സിലര്‍മാരെ വിജയിപ്പിച്ചെടുത്ത ബിജെപി ജനറല്‍ സീറ്റില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം പട്ടികജാതി വനിതയ്ക്ക് നല്‍കി ഏവരെയും ഒന്നുകൂടി ഞെട്ടിച്ചതാണ് പന്തളത്തിൽ.. എന്നാല്‍, നഗരസഭ ഭരണം ബിജെപിക്ക് ഇന്ന് മധുരിക്കുന്ന ഓര്‍മ്മയല്ല. സംസ്ഥാന തലത്തിലാകെ ബിജെപിക്ക് നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ് പന്തളം നഗരസഭയിലെ കുത്തഴിഞ്ഞ ഭരണം.
ഭരണത്തിലേറി മാസങ്ങള്‍ക്കുള്ളില്‍ തന്നെ വിഭാഗീയതയുടെ ദുര്‍ഗന്ധം നഗരസഭ ഭരണത്തില്‍ വമിക്കാന്‍ തുടങ്ങിയിരുന്നു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഗരസഭ ഹാളില്‍ വെച്ചുണ്ടായ ബഹളം. ബഹളമെന്ന്' പറഞ്ഞാല്‍, അവിടെ നടന്ന സംഭവത്തിന് തന്നെ അത് കുറച്ചിലാണ്. അത്രമേല്‍ സംസ്‌കാരമില്ലാത്ത വാക്കേറ്റമാണ് പന്തളം നഗരസഭയില്‍ ബിജെപിയുടെ ചെയര്‍പേഴ്‌സണും ബിജെപി കൗണ്‍സിലറും തമ്മിലുണ്ടായത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷും കൗണ്‍സിലര്‍ കെ വി പ്രഭയും തമ്മിലാണ് അസഭ്യവര്‍ഷം ഉണ്ടായത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. പ്രകോപനപരമായി ചെയര്‍പേഴ്‌സണ്‍ അസഭ്യം പറഞ്ഞെന്നാണ് കൗണ്‍സിലറുടെ വാദം. സുശീല സന്തോഷ് കൗണ്‍സിലര്‍ കെവി പ്രഭയുടെ തന്തയ്ക്ക് വിളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയി. മറ്റു ബിജെപി കൗണ്‍സിലര്‍മാര്‍ക്കൊപ്പം ഇരിക്കുകയായിരുന്ന പ്രഭ അപ്രതീക്ഷിതമായ ആക്രമണത്തില്‍ ആദ്യം പകച്ചു പോയതും പിന്നീട് പ്രതികരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
രോഷത്തോടെ പ്രതികരിക്കുന്ന ചെയര്‍പേഴ്‌സണ്‍, പ്രഭയെ കൈയേറ്റം ചെയ്യുമെന്ന് പറയുന്നതും വീഡിയോയില്‍ കാണാം. ഇവര്‍ തമ്മിലുള്ള ശീതസമരം മറനീക്കി പുറത്ത് വന്നിട്ട് അധികകാലമായില്ല. പദ്ധതി രൂപീകരണ കൗണ്‍സില്‍ യോഗം പ്രഭയുടെ നേതൃത്വത്തില്‍ ബഹിഷ്‌കരിച്ച് നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചപ്പോഴാണ് ഇത് മൂര്‍ധന്യത്തിലെത്തിയത്. അന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പന്തളത്ത് എത്തുകയും പ്രഭയെയും സുശീലയെയും വിളിച്ച് ഒത്തു തീര്‍പ്പ് ചര്‍ച്ച ഒന്നിച്ചും പ്രത്യേകവുമായി നടത്തുകയും ചെയ്തിരുന്നു.
അതിന് ശേഷം വലിയ കുഴപ്പമില്ലാതെ തുടരുമ്പോഴാണ് കഴിഞ്ഞ ദിവസം ഈ പ്രശ്‌നമുണ്ടാകുന്നത്. ബിജെപി സംസ്ഥാന നേതൃത്വം പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ടെന്നാണ് സൂചന. ജനപ്രതിനിധിയായി ഭരണ പരിചയവും നേതൃഗുണവുമുള്ള മുതിര്‍ന്ന അംഗം കെവി പ്രഭ, അച്ചന്‍കുഞ്ഞ് ജോണ്‍ എന്നിവരെയൊന്നും പരിഗണിക്കാതെയായിരുന്നു പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള സുശീല സന്തോഷിനെ ബിജെപി സംസ്ഥാന നേതൃത്വം ഇടപെട്ട് ചെയര്‍പേഴ്‌സണാക്കിയത്.
ദളിത്-പിന്നാക്ക സ്‌നേഹം പ്രസംഗിക്കുന്ന ഇടതിനും വലതിനും കഴിയാത്ത കാര്യം ചെയ്ത ബിജെപി ഇതിലൂടെ കൈയടി നേടുകയും ചെയ്തു. എന്നാല്‍, ഭരണ പരിചയമില്ലാത്ത, നവാഗതരായ വനിതകളുടെ കൈയിലായി നഗരസഭാ ഭരണം. ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എന്നീ സ്ഥാനങ്ങളില്‍ വനിതകള്‍. എങ്ങനെ ഭരിക്കണം, എന്തു ചെയ്യണമെന്ന് അറിയില്ല. മുന്‍പ് കൗണ്‍സിലര്‍ ആയവര്‍ ഈ കൗണ്‍സിലിലും ഉണ്ട്. എന്നിരുന്നാലും, ആരോടും ഉപദേശം ചോദിക്കാതെ ചെയര്‍പേഴ്‌സണിന്റെ തന്നിഷ്ട പ്രകാരമുള്ള ഭരണമായിരുന്നു പന്തളം നഗരസഭയില്‍ നടന്നിരുന്നത്.
\ഇതിനിടെ, മുന്‍പ് രണ്ടിലേറെ തവണ ജനപ്രതിനിധിയായിട്ടുള്ള കെവി പ്രഭയും ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷുമായി കനത്ത ഭിന്നത ഉടലെടുത്തു. നഗരസഭയിലെ ബജറ്റ് അവതരണത്തിലെ അപാകതയിലേക്ക് വരെ ഭിന്നത കൊണ്ടുചെന്നെത്തിച്ചു. ഈ ഭരണം ഇനി നഗരസഭയില്‍ വേണ്ടെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പിന് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയതും വാര്‍ത്തയായിരുന്നു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ എല്ലാം ബജറ്റ് നേരത്തേ അവതരിപ്പിച്ചപ്പോള്‍ പന്തളത്ത് അതുണ്ടായില്ല. തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നതിന്റെ പിറ്റേന്ന് ബജറ്റ് അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തെരഞ്ഞെടുപ്പ് ചട്ടം പിന്‍വലിച്ചിട്ടും ബജറ്റ് അവതരിപ്പിക്കാന്‍ ഭരണ സമിതി തയാറായിരുന്നില്ല. ഒടുവില്‍ 2021 ജൂണ്‍ 30 ന് തട്ടിക്കൂട്ടി അവതരിപ്പിച്ച ബജറ്റാണ് വ്യാജമാണെന്ന് സെക്രട്ടറി വിധി എഴുതിയത്.
03-Aug-2022
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ