പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് 5 ന് ആരംഭിക്കും
അഡ്മിൻ
പ്ലസ് വൺ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്റ് ഈ മാസം 5 ന് ആരംഭിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആദ്യ അലോട്ട്മെന്റ് ആഗസ്റ്റ് 10 ന് അവസാനിക്കും. രണ്ടാം ഘട്ട അലോട്ട്മെന്റ് ആഗസ്റ്റ് 15 ന് ആരംഭിക്കുമെന്നും അവസാന അലോട്ട്മെന്റ് 22 നാണെന്നും മന്ത്രി അറിയിച്ചു.
ക്ലാസുകൾ ആഗസ്റ്റ് 25 ന് ആരംഭിക്കും. ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ആദ്യ ഘട്ട ശുപാർശകൾ ഈ വർഷം തന്നെ നടപ്പാക്കും. സ്കൂളുകളിലെ ഉച്ച ഭക്ഷണം നൽകുന്നതിനുള്ള കേന്ദ്ര വിഹിതം ലഭിക്കുന്നത് വൈകുന്നുണ്ട്.142 കോടി രൂപ അടിയന്തരമായി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്ക് നിവേദനം നൽകിയതായും മന്ത്രി പറഞ്ഞു.കേന്ദ്ര വിഹിതം ലഭിക്കാത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാർ 126 കോടി അനുവദിച്ചു.
യുവജനോത്സവം ജനുവരി 3, 4 , 5, 6 ,7 തീയതികളിൽ കോഴിക്കോട് നടക്കും.കായിക മേള നവംബറിൽ തിരുവനന്തപുരത്ത് വച്ച് നടക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 21 സ്കൂളുകളെ മിക്സഡ് ആക്കി. അപേക്ഷിക്കുന്ന സ്കൂളുകൾക്ക് മതിയായ സൗകര്യം ഉണ്ടോ എന്ന് പരിശോധിച്ച ശേഷമേ അനുവദിക്കുകയുള്ളൂ. ജൻഡർ യൂണിഫോമിന്റെ കാര്യത്തിൽ സർക്കാരിന് പ്രത്യേക നിർബന്ധ ബുദ്ധിയില്ല.സർക്കാർ പ്രത്യേക കോഡ് നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.