കേന്ദ്ര സർക്കാർ ഫോൺ ചോർത്തിയെന്ന ആരോപണം ആവർത്തിച്ച് മാർഗരറ്റ് ആൽവ

തന്റെ ഫോൺ ചോർത്തിയെന്ന ആരോപണം ആവർത്തിച്ച് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ. ഫോൺകാളുകൾ കേന്ദ്ര ഏജൻസികളിലേക്ക് വഴിതിരിച്ചുവെന്ന് ആൽവ കുറ്റപ്പെടുത്തി. സർക്കാരിന്റെ സമ്മർദ്ദ തന്ത്രമായിരുന്നു ഇതിന് കാരണം. ദക്ഷിണേന്ത്യയ്ക്ക് ഭരണ സംവിധാനത്തിൽ പ്രാതിനിധ്യം വേണമെന്നും ഇപ്പോഴത്തെ പ്രതിപക്ഷ കൂട്ടായ്മ 2024 തെരഞ്ഞെടുപ്പിന് മുന്നോടിയെന്നും ആൽവ പറഞ്ഞു.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തീരുമാനത്തിൽ നിരാശയും അത്ഭുതവും തോന്നിയെന്നും മാർഗരറ്റ് ആൽവ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് നിലപാട് തിരുത്തണം. കോൺഗ്രസിന്റെ ഇപ്പോഴത്തെ സ്ഥിതി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ചർച്ചയാക്കുന്നില്ല. പാർട്ടികൾക്ക് ഉയർച്ചകളും താഴ്ചകളും ഉണ്ടാകും. കാരണങ്ങൾ പിന്നീട് സംസാരിക്കാമെന്നും ആൽവ പറഞ്ഞു.

ബിജെപിയിലെ ചില സുഹൃത്തുക്കളെ വിളിച്ചതിന് ശേഷം തന്റെ ഫോണിൽ നിന്ന് ഇൻകമിംഗ് – ഔട്ട് ഗോയിംഗ് സേവനങ്ങൾ ലഭ്യമാകുന്നില്ലെന്ന ആരോപണവുമായി മാര്‍ഗ്രറ്റ് ആൽവ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. പൊതുമേഖല ടെലിഫോൺ സേവന ദാതാവായ എംടിഎൻഎൽ തന്റെ സിം കാര്‍ഡ് ബ്ലോക്ക് ചെയ്തുവെന്നായിരുന്നു മാര്‍ഗ്രറ്റ് ആൽവയുടെ ആരോപണം. തന്റെ കെവൈസി സസ്പെന്റ് ചെയ്തെന്നും 24 മണിക്കൂറിനുള്ളിൽ സിം കട്ട് ചെയ്യുമെന്നും വ്യക്തമാക്കുന്ന നോട്ടീസ് ലഭിച്ചിരുന്നുവെന്നും ഇപ്പോൾ ഫോൺ ചെയ്യാനാകുന്നില്ലെന്നുമാണ് ആൽവ ട്വിറ്ററിലൂടെ ആരോപണമുന്നയിച്ചത്.

04-Aug-2022