മഴ ശക്തം; ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം, ആറു മണിക്ക് മുന്‍പ് മലയിറങ്ങണം

നിറപുത്തരി പൂജയ്ക്കായി നട തുറന്നപ്പോഴുള്ള ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ശബരിമലയില്‍ നിയന്ത്രണം കടുപ്പിച്ചു. മൂന്നു മണിക്കുശേഷം പമ്പയില്‍നിന്നും സന്നിധാനത്തേക്ക് ഭക്തരെ കയറ്റിവിടില്ലെന്ന് ജില്ലാ ഭരണകൂടം.സന്നിധാനത്തുള്ള ഭക്തര്‍ ആറു മണിക്കുമുന്‍പ് മലയിറങ്ങണമെന്നും നിര്‍ദേശം. ശക്തമായ മഴയുടെയും പ്രതികൂല കാലാവസ്ഥയുടെയും പശ്ചാത്തലത്തില്‍ നിയന്ത്രണം ഭക്തര്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

സംസ്ഥാനത്ത് അതിതീവ്രമഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ടാണ് നിലവിലുള്ളത്. കേരളത്തിന് മുകളില്‍ അന്തരീക്ഷ ചുഴിയും മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നതാണ് മഴ തുടരുന്നതിന് കാരണം.

04-Aug-2022