നഗരസഭാ ഓഫീസിൽ കോണ്‍ഗ്രസ് വനിത കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടി

നഗരസഭാ ഓഫീസില്‍ മൂവാറ്റുപുഴ വനിതാ കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി. നഗരസഭയിലെ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ് എതിരെയുള്ള അവിശ്വാസം പാസായി ദിവസങ്ങള്‍ പിന്നിടും മുമ്പാണ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടിയിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം.

വൈസ് ചെയര്‍പഴ്‌സന്‍ സിനി ബിജു, ജോയ്‌സ് മേരി ആന്റണി, അവിശ്വാസം കൊണ്ടുവന്ന പ്രമീള ഗിരീഷ്‌കുമാര്‍ എന്നിവരാണ് നഗരസഭ ഓഫീസിലെ ജനകീയാസൂത്രണ റൂമില്‍ വെച്ച് ഏറ്റുമുട്ടിയത്. പരിക്കേറ്റ പ്രമീള ഗിരീഷ് കുമാറിനെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും സിനി ബിജു, ജോയ്‌സ് മേരി ആന്റണി എന്നിവരെ മൂവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്ററിലും പ്രവേശിപ്പിച്ചു.

വൈസ് ചെയര്‍പേഴ്‌സണ്‍ സിനി ബിജുവും കൗണ്‍സിലര്‍ ജോയ്‌സ് മേരിയും കൂടി നഗരസഭയിലെ ജനകീയാസൂത്രണ ഓഫീസില്‍ ഇരിക്കുകയായിരുന്ന തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പ്രമീള പറഞ്ഞു. മുടി കത്രിക കൊണ്ട് മുറിക്കുകയും ചെയ്തു. തുടര്‍ന്ന് രക്തത്തില്‍ കുളിച്ച പ്രമീളയെ മറ്റ് കൗണ്‍സിലര്‍മാര്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. തന്നെ നഗരസഭയില്‍ കയറ്റില്ലെന്നും വന്നാല്‍ കൈകാര്യം ചെയ്യുമെന്നും ഭീഷണി ഉണ്ടായിരുന്നതായി പ്രമീള ആരോപിച്ചു.

05-Aug-2022