മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മുന്ന് ഷട്ടറുകൾ തുറന്നു
അഡ്മിൻ
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. മൂന്ന് ഷട്ടറുകൾ 30 സെ.മീ വീതമാണ് തുറന്നത്. 534 ഘനയടി വെള്ളമാകും ആദ്യം തുറന്ന് വിടുക. പിന്നീട് രണ്ടു മണിക്കൂറിനു ശേഷം 1000 ഘനയടി ആയി ഉയർത്തും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137.25 അടിയാണ്.
മഴ ശക്തമായതിനാൽ ഇടുക്കി ഡാം തുറക്കുന്നതും പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു. മഴക്കെടുതി രൂക്ഷമായതിനാൽ എൻഡിആർഎഫിന്റെ രണ്ട് സംഘങ്ങളെ കൂടി ഇടുക്കിയിലേക്ക് ആവശ്യപ്പെട്ടു. മുന്നൊരുക്കങ്ങൾ പൂർണ്ണമാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ഇടുക്കി, കക്കി ഡാമുകളിൽ ബ്ലു അലർട്ട് ആണ്. പെരിയാറിൽ ഇന്നലത്തേതിനേക്കാളും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. 793. 39 മീറ്റർ ആണ് വണ്ടിപ്പെരിയാറിലെ ജലനിരപ്പ്. അവിടെ അപകട മുന്നറിയിപ്പ് നില 794.2 ആണ്. ഏതാണ്ട് 81 സെന്റിമീറ്ററിന്റെ വ്യത്യാസം ഉണ്ട്. അത് ആശ്വാസകരമാണ്. ഇടുക്കിയിലെ ജലനിരപ്പ് കഴിഞ്ഞവർഷവുമായി തട്ടിച്ചു നോക്കുമ്പോൾ പത്തടിയോളം ഉയർന്നിട്ടുണ്ട്.
ഇടുക്കി ഡാമിൽ ഇപ്പോൾ 2380.32 ആണ് അവിടത്തെ ജലനിരപ്പ്. റൂൾ കർവ് 2383.53 ആണ്. 2375.53 ൽ ജലനിരപ്പ് എത്തിയപ്പോൾ ബ്ലൂ അലർട്ട് നൽകിയിരുന്നു. ഇടുക്കിയെ സംബന്ധിച്ചിടത്തോളം ഓറഞ്ച് അലർട്ടിലേക്ക് അടുക്കുകയാണ്. 2381.53 ആകുമ്പോൾ ഓറഞ്ച് അലർട്ട് പുറപ്പെടുവിക്കും. റൂൾ കർവ് അനുസരിച്ച് റിസർവ് ലെവൽ 2403 ആണ്. അണക്കെട്ടിൽ ഇപ്പോൾ 74 ശതമാനത്തോളം വെള്ളം നിറഞ്ഞിരിക്കുകയാണ്.
ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ നീരൊഴുക്ക് ശക്തമാണ്. വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. അതേസമയം ഇടുക്കിയിൽ ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. റൂൾകർവിൽ എത്തിയാൽ ഇടുക്കി ഡാമിൽ നിന്നും വെള്ളം ഒഴുക്കി കളയുന്നതിനെപ്പറ്റിയും സർക്കാർ ആലോചിക്കുന്നുണ്ട്. ആലുവയിലെയും എറണാകുളം ജില്ലയിലെയും പെരിയാറിലെ ജലനിരപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടി വിലയിരുത്തിയശേഷമാണ് ഇതിൽ തീരുമാനമെടുക്കുകയെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.