നേമം ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കുന്നതിനെതിരെ രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എം പി

നേമം ടെര്‍മിനല്‍ പദ്ധതിക്കുമേലുള്ള കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടേയും കള്ളക്കളി പുറത്തുകൊണ്ടുവന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം. പി . നേമം ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കുന്നതിനെതിരെ രാജ്യസഭയിലെ ചോദ്യോത്തരവേളയിലും വിഷയം ഉയര്‍ത്തിക്കാട്ടുകയായിരുന്നു ജോണ്‍ ബ്രിട്ടാസ് എം പി. എന്നാല്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് നിശബ്ദനായി കേട്ടിരിക്കുകയായിരുന്നു.
ശൂന്യവേളയില്‍ കൂടാതെ ചോദ്യോത്തരവേളയിലും ഇതേ വിഷയം ഉയർത്തിയിട്ടും മറുപടി പറയാതെ റെയിൽവെ മന്ത്രി മൗനം തുടർന്നു.

പദ്ധതി ഉപേക്ഷിച്ചതായി അറിയിച്ച അശ്വനി വൈഷ്ണവിനെയും ഇരുത്തിക്കൊണ്ടാണ് അവരുടെ കള്ളക്കളിയെക്കുറിച്ചുള്ള ചോദ്യം ജോണ്‍ ബ്രിട്ടാസ് എം പി ഉന്നയിച്ചത്. നേമം പദ്ധതിയ്ക്ക് തറക്കല്ലിട്ട കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന്റെയും ഇപ്പോഴത്തെ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെയും ആത്മാര്‍ത്ഥതയ്ക്കും യശസ്സിനും നേര്‍ക്കുയര്‍ന്നിരിക്കുന്ന ചോദ്യചിഹ്നത്തിന് പരിഹാരം കാണണമെങ്കില്‍, നേമം പദ്ധതി ഉപേക്ഷിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി രാജ്യസഭയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ എന്റെ മാന്യ മിത്രം തനിക്കെതിരെ ഗൂഗ്ലി പ്രയോഗിച്ചിരിക്കയാണെന്നായിരുന്നു പിയുഷ് ഗോയൽ എഴുന്നേറ്റു നിന്ന് പറഞ്ഞത്. താന്‍ രാജ്യസഭാംഗമായ ശേഷം തുടര്‍ച്ചയായി ഈ വിഷയം കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നുവെന്നും ബജറ്റില്‍ പ്രഖ്യാപിക്കുകയും തറക്കല്ലിടല്‍ കര്‍മ്മം നടക്കുകയും ചെയ്ത പദ്ധതി വൈകുന്നതിനെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ രാജ്യസഭാതലത്തില്‍ ഉയര്‍ത്തിയിരുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.

2019-ലെ ലോക് സഭാ തെരഞ്ഞെടുപ്പിനു തൊട്ടു തലേന്ന് വോട്ടു കിട്ടാന്‍ തിരക്കു പിടിച്ച് ഒരു തറക്കല്ലിടല്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. അന്നു റെയില്‍വേ മന്ത്രിയായിരുന്ന പീയൂഷ് ഗോയല്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഒരു പതിറ്റാണ്ടുമുമ്പ് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന പദ്ധതിയുടെ തറക്കല്ലിടല്‍ നിര്‍വ്വഹിച്ചത്.

നേമം ടെര്‍മിനല്‍ പദ്ധതി വൈകിപ്പിച്ച് കേരള ജനതയെ കബളിപ്പിക്കരുതെന്ന് ജോണ്‍ ബ്രിട്ടാസ് എം പി ക‍ഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. കേരളത്തിനും തിരുവനന്തപുരത്തിനും അത്യന്താപേക്ഷിതമായ നേമം ടെര്‍മിനല്‍ പദ്ധതി നടപ്പാക്കാനാവശ്യമായ ഭൂമി റെയില്‍വേയുടെ പക്കലുണ്ട്. 117 കോടി രൂപ മാത്രം വേണ്ടിവരുന്ന ഈ പദ്ധതി എന്തുകൊണ്ട് ഉപേക്ഷിച്ചു എന്നു പറയാനുള്ള ഉത്തരവാദിത്വം കേന്ദ്രമന്ത്രിക്കുണ്ട്.

പദ്ധതി ഉപേക്ഷിച്ച കാര്യം ഓഫീസ് മെമ്മോറാണ്ടത്തിലൂടെ അറിയിച്ച കേന്ദ്ര റെയില്‍വേ മന്ത്രാലയം രേഖാമൂലമായിത്തന്നെ ഈ തീരുമാനം പുനഃപരിശോധിച്ചതായി അറിയിക്കുകയും ടെര്‍മിനലിന്റെ പണി ഉടന്‍ ആരംഭിക്കുകയും ചെയ്താല്‍മാത്രമേ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ കഴിയൂ. രാഷ്ട്രീയനാടകങ്ങള്‍ അവസാനിപ്പിച്ച് വ്യക്തവും സുതാര്യവുമായ നടപടികള്‍ക്കു മുതിരാന്‍ കേന്ദ്ര ഭരണ കക്ഷിയും റെയില്‍വേ മന്ത്രാലയവും സന്നദ്ധമാകണമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി ആവശ്യപ്പെട്ടിരുന്നു.

05-Aug-2022