സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ട രാജ്യത്ത് നടപ്പിലാക്കാൻ ബിജെപി സർക്കാരിനെ അനുവദിക്കില്ല; സിപിഎം എംപിമാർ

സിപിഐ എം എംപിമാരുടെ ഇടപെടലിനെ തുടർന്ന് ഏക സിവിൽ കോഡിനായും 1991ലെ ആരാധനാലയ നിയമം പിൻവലിക്കാനുമുള്ള സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുന്നതിൽ നിന്നും ബിജെപി എംപിമാർ പിന്മാറി. സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം, ഉപനേതാവ് ബികാഷ് രഞ്ജൻ ഭട്ടാചാര്യ, വിപ്പ് വി ശിവദാസൻ, സ. ജോൺ ബ്രിട്ടാസ്, എ എ റഹീം എന്നിവർ ചട്ടം 67 പ്രകാരം ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി നൽകരുത് എന്ന് സഭാധ്യക്ഷൻ വെങ്കയ്യ നായിഡുവിനോട് ആവശ്യപ്പെട്ടിരുന്നു.

രാജസ്ഥാനിൽ നിന്നുള്ള ബിജെപി എംപി ഡോ. കിറോഡി ലാൽ മീണയാണ് ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പിലാക്കാനുള്ള കമ്മിറ്റിക്കായി നിയമനിർമാണം നടത്താൻ സ്വകാര്യ ബില്ല് കൊണ്ടുവരുന്നത്. ന്യൂനപക്ഷങ്ങളുടെയും പിന്നോക്കക്കാരുടെയും അവകാശങ്ങളും മറ്റെല്ലാ സാമൂഹ്യ ഘടകങ്ങളും പരിശോധിച്ച് വിശാലമായ ചർച്ചകളും മറ്റും നടക്കേണ്ട വിഷയത്തിൽ ഇതൊന്നുമില്ലാതെ നിയമനിർമ്മാണം നടത്തണം എന്നാവശ്യപ്പെടുന്ന ഈ ബില്ല് ഹിന്ദുത്വ അജണ്ടയുടെ ഭാഗം തന്നെയാണ്.

ഇതിനു മുൻപ് ആറുതവണ ഏക സിവിൽ കോഡ് ബില്ല് ലിസ്റ്റ് ചെയ്യപ്പെട്ടപ്പോഴും ഇടതുപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയതിന്റെ ഫലമായി ബില്ല് അവതരണത്തിൽ നിന്നും ബിജെപി എംപി പിന്മാറിയിരുന്നു.

ആരാധനാലയങ്ങൾ (പ്രത്യേക വ്യവസ്ഥകൾ) നിയമം, 1991(The Place of Worship Act, 1991) പിൻവലിക്കാനുള്ള സ്വകാര്യ ബിൽ അവതരിപ്പിക്കുന്നത് ബിജെപി എംപി ഹർനാഥ് സിംഗ് യാദവാണ്. ഏതെങ്കിലും ആരാധനാലയം പരിവർത്തനം ചെയ്യുന്നത് നിരോധിക്കുന്നതിനും ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം 1947 ഓഗസ്റ്റ് 15-ന് നിലനിന്നിരുന്നതുപോലെ നിലനിർത്തുന്നതിനും വേണ്ടിയുള്ള നിയമമാണ് ഇത്. 1947 ആഗസ്ത് 15-ന് നിലവിലുണ്ടായിരുന്ന ഒരു മസ്ജിദ്, ക്ഷേത്രം, പള്ളി അല്ലെങ്കിൽ ഏതെങ്കിലും പൊതു ആരാധനാലയം അന്നത്തെ അതേ മതസ്വഭാവം നിലനിർത്തുമെന്ന് ഈ നിയമം പറയുന്നു.

ഈ വ്യവസ്ഥകളെല്ലാം പിൻവലിക്കാനാണ് സ്വകാര്യബിൽ ആവശ്യപ്പെടുന്നത്. സിപിഐഎം എംപിമാരുടെ പ്രതിഷേധം ഭയന്ന് കഴിഞ്ഞ തവണയും ഈ ബിൽ അവതരപ്പിക്കാതെ ഹർനാഥ് സിംഗ് യാദവ് പിന്മാറിയിരുന്നു.

രാജ്യത്തെ മത സൗഹാർദ്ദം തകർക്കാൻ ലക്ഷ്യവച്ചുള്ള ഇത്തരം നിയമനിർമാണങ്ങൾ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണെന്ന് മാത്രമല്ല നമ്മുടെ ജനാധിപത്യ വ്യവസ്ഥയ്ക്കുതന്നെ നാണക്കേടുണ്ടാക്കുന്നതുമാണ്. സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ട രാജ്യത്ത് നടപ്പിലാക്കാൻ ബിജെപി സർക്കാരിനെ അനുവദിക്കില്ലെന്ന് സിപിഐഎം എംപിമാർ അറിയിച്ചു.

06-Aug-2022