ബിഎസ്എന്‍എലിന്റെ തകര്‍ച്ചയ്ക്ക് കാരണം കേന്ദ്രസര്‍ക്കാരിന്റെ ഉദാസീനത; എളമരം കരിം എംപി
അഡ്മിൻ
രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എലിന്റെ തകര്‍ച്ചയ്ക്ക് കാരണം കേന്ദ്രസര്‍ക്കാരിന്റെ ഉദാസീനതയാണ് എന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എംപിയുമായ എളമരം കരിം . ഓരോ വര്‍ഷവും ബിഎസ്എന്‍എല്ലില്‍ നിന്ന് പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകളില്‍ നിന്ന് വ്യക്തമാണ് എന്നദ്ദേഹം ചൂണ്ടിക്കാട്ടി .
2017 -18 വര്‍ഷത്തില്‍ ബിഎസ്എന്‍എല്‍ ഉപേക്ഷിച്ചവരുടെ എണ്ണം 34,97,943 ആണ്. 2018 -19 ല്‍ 28,27,440, 2019 -20 ല്‍ 32,69,088, 2020 -21 ല്‍ 63,36,389, 2021 -22 ല്‍ 52,30,702 എന്നിങ്ങനെ ഉപഭോക്താക്കൾ ബിഎസ്എന്‍ ഉപേക്ഷിച്ചു എന്ന് കേന്ദ്ര കമ്യൂണിക്കേഷന്‍സ് വകുപ്പ് സഹമന്ത്രി ദേവ്‌സിംഗ് ചൗഹാന്‍ രാജ്യസഭയിൽ പറഞ്ഞിരുന്നു. രണ്ട് കോടിയോളം വരിക്കാരാണ് അഞ്ച് വര്‍ഷത്തിനിടെ ബിഎസ്എന്‍എല്‍ ഉപേക്ഷിച്ചത്. ബിഎസ്എന്‍എല്ലിന്റെ ജനപ്രീതിയില്‍ ഈ വിധത്തില്‍ ഇടിവുണ്ടാകാന്‍ കാരണം കേന്ദ്രസര്‍ക്കാരിന്റെ പിടിപ്പുകേടാണ്.
2014 മുതല്‍ തന്നെ വിവിധ സ്വകാര്യ കമ്പനികള്‍ 4 ജി സേവനം ലഭ്യമാക്കാന്‍ തുടങ്ങിയപ്പോൾ 2019 ഒക്ടോബറിൽ മാത്രമാണ് ബിഎസ്എന്‍എല്ലിന് 4ജി സ്‌പെക്ട്രം അനുവദിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത് എന്ന മറുപടിയിലൂടെ തങ്ങളാണ് ഈ സ്ഥാപനത്തെ തകർത്തത് എന്ന് കേന്ദ്രസർക്കാർ സമ്മതിക്കുകയാണ്. 4ജി റോള്‍ ഔട്ടിനുള്ള പര്‍ച്ചേസ് ഓര്‍ഡര്‍ ഇറക്കിയാതാകട്ടെ 2022 മാര്‍ച്ചില്‍ മാത്രമാണ്. കേന്ദ്ര സര്‍ക്കാര്‍ തന്നെ രാജ്യസഭയില്‍ നല്‍കിയ ഈ മറുപടിയിലൂടെ കാലത്തിന്റെ വേഗതയ്‌ക്കൊപ്പം സഞ്ചരിക്കാന്‍ ബിഎസ്എന്‍എല്ലിനെ പ്രാപ്തമാക്കാതെ ആ സ്ഥാപനത്തെ പിറകോട്ട് നടത്തുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തതെന്ന് വ്യക്തം.
പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ച്ചയിലേക്ക് തള്ളിവിടുകയും പൊതുമേഖലയ്ക്ക് പകരം സ്വകാര്യകോര്‍പ്പറേറ്റുകള്‍ക്ക് തന്ത്ര പ്രധാന മേഖലകള്‍ തീറെഴുതുകയും ചെയ്യുന്നതിന്റെ പരിണിത ഫലമാണ് ബിഎസ്എന്‍എല്ലും ഇപ്പോള്‍ അനുഭവിക്കുന്നത്.
2022 അവസാനത്തോടെ രാജ്യത്ത് 5ജി സേവനങ്ങള്‍ ലഭ്യമായിത്തുടങ്ങുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ തന്നെ അറിയിച്ചിരിക്കുന്നത്. ബിഎസ്എന്‍ എല്ലിന്റെ 4ജി സേവനത്തിന്റെ കാര്യത്തിലുണ്ടായ ഈ പിടിപ്പുകേട് 5ജിയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കരുത്. ഈ പൊതുമേഖലാ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാരുടെ വേതന പരിഷ്കരണം ഉടൻ നടത്തണമെന്ന് സഭയിൽ ആവശ്യപ്പെടുകയും ഈ വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ബിഎസ്എന്‍എല്ലിനെ തകർച്ചയിൽ നിന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് രാജ്യസഭയിൽ പ്രത്യേക പരാമർശമായി സബ്മിഷൻ അവതരിപ്പിക്കുകയും ചെയ്തു. ബിഎസ്എന്‍എല്ലിന് മറ്റ് ടെലികോം കമ്പനികളോട് പിടിച്ചുനില്‍ക്കാന്‍ സാധിക്കും വിധം കേന്ദ്രസര്‍ക്കാര്‍ തിരുത്തല്‍ നടപടികള്‍ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു..
06-Aug-2022
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ