ദേശീയപാതിയിലെ അപകടം ദൗർഭാഗ്യകരം: മന്ത്രി മുഹമ്മദ് റിയാസ്
അഡ്മിൻ
എറണാകുളം അങ്കമാലി ദേശീയപാതിയിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് മന്ത്രി മുഹമ്മദ് റിയാസ് . ഏതു വകുപ്പിൻ്റെ റോഡാ(road)യാലും ഏത് സർക്കാരിൻ്റെ റോഡായാലും അപകടമുണ്ടാവാൻ പാടില്ല. കേരളത്തിൽ മൂന്ന് ലക്ഷം റോഡുണ്ട് അതിലൊന്നും കുഴിയോ അപകടങ്ങളോ ഉണ്ടാവാൻ പാടില്ല.
കേരളത്തിലെ 1781 കിലോമീറ്റർ റോഡ് ദേശീയ പാതാ അതോറിറ്റിക്ക് കൈമാറിയിട്ടുള്ളതാണ്. കേരളത്തിൽ ഏറ്റവും തിരക്കുള്ള റോഡുകൾ കൂടിയാണിത്. ഇതിൽ പലതിലും എൻഎച്ച്എഐ ടോൾ പിരിക്കുന്നുണ്ട്. ഇപ്പോൾ അപകടമുണ്ടായ റോഡും ആ തരത്തിലുള്ളതാണ്. ദേശീയപാതയിൽ നെടുമ്പാശ്ശേരി അത്താണി സ്‌കൂളിന് മുന്നിൽ ഇന്നലെ രാത്രിയായിരുന്നു അപകടം. പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശി ഹാഷിമാണ് മരിച്ചത്.
ഇന്ത്യൻ റെയിൽവേയുടെ ട്രാക്കിൽ പ്രശ്നമുണ്ടായാൽ കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന് പോയി ഇടപെടാൻ ആവില്ല. ഫിഷറീസ് വകുപ്പിൻ്റെ റോഡിൽ പ്രശ്‌നമുണ്ടായാൽ അത് ദേശീയപാതാ അതോറിറ്റി വകുപ്പ് വന്ന് നന്നാക്കില്ല,തദ്ദേശസ്വയംഭരണവകുപ്പിൻ്റെ റോഡ് കേടായാൽ അവിടെ പൊതുമരാമത്ത് വകുപ്പും ഇടപെടില്ല. ഒരോ വകുപ്പിൻ്റെ കീഴിലും വരുന്ന റോഡുകൾ സുരക്ഷിത യാത്രയ്ക്ക് അനുയോജ്യമാണ് എന്നു ഉറപ്പു വരുത്തേണ്ടത് ആ വകുപ്പ് തന്നെയാണ്.
പൊതുമരാമത്ത് വകുപ്പ് കരാറുകാരുടേയും ഉദ്യോഗസ്ഥരുടേയും നമ്പറുകൾ സഹിതം പൊതുമരാമത്ത് വകുപ്പ് ബോർഡ് വച്ചപ്പോൾ വലിയ മാറ്റമാണ് ആ റോഡുകളിൽ ഉണ്ടാവുന്നത്. ഇങ്ങനെ ചെയ്യാൻ ദേശീയ പാതാ അതോറിറ്റിക്ക് എന്തു കൊണ്ടു പറ്റുന്നില്ല.
വ്യക്തമായ ഭരണഘടനാ സംവിധാനങ്ങൾ ഉള്ള ഒരു രാജ്യത്ത് കേന്ദ്രസർക്കാരിന് കീഴിലുള്ള വകുപ്പിൽ പൊതുമരാമത്ത് വകുപ്പിന് ഇടപെടാൻ നിയമപരമായ പ്രശ്‌നങ്ങളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കർശനമായി ഇടപെടാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കും. ഇതിനുള്ള നിർദ്ദേശം പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നൽകിയിട്ടുണ്ട്.
കേരളത്തിൽ കഴിഞ്ഞ ഒരു വർഷത്തിൽ നിരവധി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ നടപടിയെടുത്തു. എന്തു കൊണ്ട് നിരുത്തരവാദിത്തപരമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ദേശീയപാതാ അതോറിറ്റി നടപടിയെടുക്കുന്നില്ല.
എറണാകുളം – തൃശ്ശൂർ പാതയിലെ റോഡുകൾ, ആലപ്പുഴയിൽ ഹരിപ്പാട് ഭാഗത്തെ ദേശീയപാത ഇവിടെയെല്ലാം അറ്റകുറ്റപ്പണി ആവശ്യപ്പെട്ട് പലവട്ടം ദേശീയപാതാ അതോറിറ്റിക്ക് കത്തയച്ചതാണ്. ഇവിടെയെല്ലാം കരാറുകാരുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും പേരുകൾ ബോർഡിൽ എഴുതി വയ്ക്കാൻ ദേശീയപാതാ അതോറിറ്റി തയ്യാറാവണം. ജനം അറിയട്ടെ റോഡിലൊരു കുഴി വന്നാൽ ആരാണ് അത് അടയ്ക്കേണ്ടത് – മന്ത്രി പറഞ്ഞു.