ഗവർണർ ഓർഡിനൻസിൽ ഒപ്പിടാൻ ഇനിയും സമയമുണ്ടല്ലോയെന്ന് നിയമമന്ത്രി
അഡ്മിൻ
സംസ്ഥാന ഗവർണർ ഓർഡിനൻസിൽ ഒപ്പിടാൻ ഇനിയും സമയമുണ്ടല്ലോയെന്ന് നിയമമന്ത്രി പി.രാജീവ് (Minister P Rajeev). സർക്കാർ കൊണ്ടു വന്ന 11 ഓർഡിനൻസുകളിൽ നാളെ കാലാവധി തീരാനിക്കേ എന്താണ് സംഭവിക്കുന്നതെന്ന് നോക്കിയിരുന്ന് കാണാമെന്നും മന്ത്രി പറഞ്ഞു. സർക്കാർ കൊണ്ടു വരുന്ന ഓർഡിനൻസുകളിൽ ഗവർണർ ഒപ്പിടരുതെന്ന് പ്രതിപക്ഷം പറയുന്നത് സാധാരണ കാര്യമാണെന്നും പി.രാജീവ് ചൂണ്ടിക്കാട്ടി.
ഓർഡിനൻസുകളിൽ ഒപ്പിടാതെ സർക്കാരിനെ സമ്മർദത്തിലാക്കി ഗവർണർ നീങ്ങുന്ന സാഹചര്യത്തിലാണ് നിയമമന്ത്രിയുടെ പ്രതികരണം. ലോകയുക്ത ഓർഡിനൻസ് അടക്കം 11 ഓർഡിനൻസുകളിൽ ആണ് ഗവർണർ തീരുമാനം എടുക്കാത്തത്. ഈ ഓർഡിനൻസുകളുടെ കാലാവധി നാളെ തീരാനിരിക്കെ സർക്കാർ നിലവിൽ പ്രതിസന്ധിയിലാണ്.
ലോകയുക്ത ഓർഡിനൻസിൽ ഒരിക്കൽ ഗവർണർ ഒപ്പിട്ടിരുന്നതാണ്.എന്നാൽ നിയമസഭയിൽ ബിൽ കൊണ്ട് വരാത്തതിനാൽ ഇത് അടക്കം ഉള്ള ഓർഡിനൻസുകൾ പുതുക്കി ഇറക്കാൻ ജൂലൈ 27-ന് ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. ബിൽ അവതരിപ്പിച്ചില്ലെങ്കിൽ സഭാ സമ്മേളനം തുടങ്ങുന്ന ദിവസം മുതൽ 42 ദിവസമാണ് ഓർഡിനൻസിന്റെ കാലാവധി. ഇപ്പോൾ ദില്ലിയിലുള്ള ഗവർണ്ണർ 12-ന് മാത്രമാണ് മടങ്ങി എത്തുക.