ദേശീയപാത അധികൃതര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
അഡ്മിൻ
സംസ്ഥാനത്തെ ദേശീയപാതകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാത്തതിന് ദേശീയപാത അധികൃതര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം . റോഡുകള്‍ ഒരാഴ്ചക്കകം നന്നാക്കണമെന്ന് ഹൈക്കോടതി ദേശീയപാത അതോറിറ്റിക്ക് നിര്‍ദ്ദേശം നല്കി.
റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ഹര്‍ജികള്‍ പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്. ആളുകളെ ഇങ്ങനെ മരണത്തിന് വിട്ടുകൊടുക്കാനാവില്ലന്ന് കോടതി വ്യക്തമാക്കി .ജില്ലാ കളക്ടര്‍മാര്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
അങ്കമാലിയില്‍ ദേശീയ പാതയിലെ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി കേസ് അടിയന്തിരമായി പരിഗണിച്ചത്. മഴ മൂലമാണ് ദേശീയ പാതയിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനാവാത്തത് എന്ന ദേശീയ പാത അധികൃതരുടെ വിശദീകരണത്തില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. എന്താണ് സംഭവിക്കുന്നത് എന്ന് വിശദീകരിക്കാന്‍ ദേശീയപാതാ അധികൃതരോട് കോടതി ആവശ്യപ്പെട്ടു.
ആളുകളെ ഇങ്ങനെ മരണത്തിന് വിട്ടുകൊടുക്കാനാവില്ലന്ന് കോടതി വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങളോട് എന്ത് സമാധാനം പറയും. അറ്റകുറ്റ പണികള്‍ നടത്തുന്നില്ലെങ്കില്‍ എങ്ങനെ ടോള്‍ പിരിക്കാന്‍ കഴിയുമെന്നും കോടതി ചോദിച്ചു.
നിലവിലുള്ള കരാറുകാരനെ മാറ്റി പുതിയ കോണ്‍ട്രാക്ടറെ നിയമിക്കുമെന്ന് NHAI അറിയിച്ചു. തുടര്‍ന്നാണ് അടിയന്തിരമായി റോഡുകള്‍ നന്നാക്കാന്‍ കോടതി ഉത്തരവിട്ടത്. ജില്ലാ കളക്ടര്‍മാര്‍ വെറും കാഴ്ചക്കാരാകരുതെന്നും അടിയന്തിരമായി ഇടപെടണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഈ മാസം 19 ന് കേസ് വീണ്ടും പരിഗണിക്കും. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയതിന്റെ വിവരങ്ങള്‍ ദേശീയപാത അതോരിറ്റി അന്ന് കോടതിയെ അറിയിക്കണം.