പത്ര ചൗൾ കേസിൽ സഞ്ജയ് റാവത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഈ മാസം 22 വരെ സഞ്ജയ് റാവത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ തുടരും. മുംബൈയിലെ ആർതർ റോഡ് ജലിലേക്ക് അദ്ദേഹത്തെ മാറ്റും. സഞ്ജയ് റാവത്തിന് വീട്ടിലുണ്ടാക്കിയ ഭക്ഷണവും മരുന്നും നൽകാമെന്ന് കോടതി അറിയിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം, 2002 പ്രകാരമാണ് റാവുത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
കേസിൽ ഇത്തവണ സഞ്ജയ് റാവത്ത് ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നില്ല. സഞ്ജയ് റാവത്ത് ഹൃദ്രോഗിയാണ്. അതിനാൽ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ വിക്രാന്ത് സബ്‌നെ ആവശ്യപ്പെട്ടു. മെഡിക്കൽ റിപ്പോർട്ടുകൾ കോടതിയിൽ ഹാജരാക്കിയിരുന്നു. പത്ര ചോൽ ഭൂമി കുംഭകോണക്കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിൽ റാവത്തിന്റെ വസതിയിൽ നിന്ന് 11.50 ലക്ഷം രൂപയാണ് ഇഡി പിടിച്ചെടുത്തത്.
പിന്നാലെ ആറുമണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇ.ഡി. ഉദ്യോഗസ്ഥരും സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരും റാവുത്തിന്റെ ഭാണ്ഡൂപ്പിലെ മൈത്രി എന്ന വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഇതിനുശേഷമാണ് ചോദ്യംചെയ്യൽ ആരംഭിച്ചത്. മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ക്യാമ്പിലെ പ്രമുഖനും പാർട്ടി മുഖപത്രമായ സാമ്‌നയുടെ എഡിറ്ററുമാണ് സഞ്ജയ് റാവത്ത്.