2019-20 ൽ മണ്ണെണ്ണയ്ക്കുള്ള സബ്‌സിഡി പൂർണമായും നിർത്തിയതായി കേന്ദ്ര സർക്കാർ കണക്കുകൾ

2019-20 ൽ മണ്ണെണ്ണയ്ക്കുള്ള സബ്‌സിഡി പൂർണമായും നിർത്തിയതായി യൂണിയൻ ഗവണ്മെന്റിന്റെ കണക്കുകൾ. രാജ്യസഭയിൽ മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണയ്ക്കുള്ള സബ്‌സിഡിയെപ്പറ്റി ഉന്നയിച്ച
വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് പെട്രോളിയം സഹമന്ത്രി രാമേശ്വർ തേലി നൽകിയ മറുപടിയിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമായത്.

മണ്ണെണ്ണയ്ക്ക് 2017-18 ൽ 4672 കോടി സബ്‌സിഡി ഉണ്ടായിരുന്നു. ഇത് 2018-19ൽ 5950 കോടി ആയി ഉയർന്നു. എന്നാൽ 2019 -20 ൽ ഇത് വെറും 1833 കോടി ആയി. 2020-21 ലും 2021-22 ലും സബ്സിഡി പൂജ്യമായി. ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് സബ്‌സിഡിയും 2019 -20ഓടെ നിർത്തി. 2017-18 ൽ 113 കോടി ഉണ്ടായിരുന്നു. ഇത് 2018 -19 ൽ 98 കോടി ആയി കുറഞ്ഞു. എന്നാൽ 2019 -20 ൽ ഇത് വെറും 42 കോടി ആയി. 2020-21 ലും 2021-22 ലും ബാങ്ക് അക്കൗണ്ടിലേക്ക് ഒരു രൂപ പോലും നൽകിയിട്ടില്ലെന്നും മറുപടിയിൽ പറയുന്നു.

നിലവിൽ മത്സ്യബന്ധനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് സബ്‌സിഡി ഇല്ലാത്ത മണ്ണെണ്ണ മാത്രമേ ലഭിക്കുന്നുളളു എന്നതും മറുപടിയിൽ വ്യക്തമാണ്. മത്സ്യത്തൊഴിലാളികൾക്കും സാധാരണക്കാർക്കും മണ്ണെണ്ണ സബ്‌സിഡി നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് വി ശിവദാസൻ എംപി പറഞ്ഞു.

09-Aug-2022