ബർലിൻ കുഞ്ഞനന്ദൻ നായരുടെ നിര്യാണത്തിൽ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അനുശോചിച്ചു

ബർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ അനുശോചനം രേഖപ്പെടുത്തി. വ്യക്തിപരമായി അദ്ദേഹവുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ഈ അടുത്ത ദിവസവും അദ്ദേഹവുമായി ദീർഘനേരം നേരിൽ സംസാരിച്ചിരുന്നു.

അവസാനകാലം വരെയും രാഷ്ട്രീയകാര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തുകയും നിരീക്ഷിക്കുകയും ചെയ്തിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെതെന്നും മന്ത്രി പറഞ്ഞു. സ്കൂൾ വിദ്യാർത്ഥിയായിരിക്കെ കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ രൂപീകരിച്ച ബാലസംഘത്തിൻ്റെ നേതൃസ്ഥാനത്തേക്ക് ബർലിനാണ് തിരഞ്ഞെടുക്കപ്പെട്ടത്. പതിമൂന്നാം വയസ് മുതൽ ബാലസംഘത്തിലും പിന്നീട് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലും പിളർപ്പോടെ മാർക്സിസ്റ്റ് പാർട്ടിയിലും ചേർന്നു.

1942-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ ബർലിൻ പാർട്ടി നിരോധിച്ചതിനെ തുടർന്ന് 1945-1946 വർഷങ്ങളിൽ ബോംബെ കേന്ദ്രീകരിച്ചും 1948-ൽ കൊൽക്കത്തയിലും രഹസ്യ പാർട്ടി പ്രവർത്തനം നടത്തി. 1953 മുതൽ 1958 വരെ ഡൽഹിയിൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രക്കമ്മറ്റി ഓഫീസിൽ പ്രവർത്തിച്ചു. 1957-ൽ ഇ.എം.എസ് മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹത്തിൻ്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. 1958-ൽ റഷ്യയിൽ നിന്ന് മാർക്സിസം-ലെനിനിസത്തിലും പൊളിറ്റിക്കൽ സയൻസിലും ബിരുദം നേടിയ ബർലിൻ 1959-ൽ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കോൺഗ്രസിൽ പങ്കെടുത്തു. 1961-ൽ എ.കെ.ജിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചു.

1962 മുതൽ 1992 വരെയുള്ള മുപ്പത് വർഷക്കാലം കറഞ്ചിയയുടെ പത്രാധിപത്യത്തിലുള്ള ബ്ലിറ്റ്സ് വാരികയുടേയും ഇടത് ആഭിമുഖ്യം പുലർത്തുന്ന പത്രങ്ങളായ ന്യൂഎജ്, നവയുഗം, നവജീവൻ, ദേശാഭിമാനി, ജനയുഗം ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് പത്രങ്ങളുടെ യൂറോപ്യൻ ലേഖകനായി ജർമ്മനിയിലെ ബർലിനിൽ പ്രവർത്തിച്ചു.

1989 നവംബർ 9ന് ബർലിൻ മതിൽ പൊളിഞ്ഞ് ജർമ്മനികൾ ഒന്നാവുകയും 1990-കളുടെ തുടക്കത്തിലെ സോവിയറ്റ് യൂണിയൻ്റെ തകർച്ചയും മൂലം യൂറോപ്യൻ കമ്മ്യൂണിസം വെറും ചരിത്ര ഗ്രന്ഥങ്ങളിലേയ്ക്ക് ഒതുങ്ങുകയും ചെയ്തതോടെ 1992-ൽ കേരളത്തിലേയ്ക്ക് തിരിച്ചെത്തി. ഇതോടെ പേരിൻ്റെ കൂടെ ബർലിൻ എന്ന് കൂട്ടിച്ചേർത്തു പിന്നീട് ബർലിൻ കുഞ്ഞനന്തൻ നായരായി മാറി.

09-Aug-2022