സ്ത്രീയെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

ഹൗസിംഗ് സൊസൈറ്റിയിൽ വച്ച് സ്ത്രീയെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത ബിജെപി പ്രവർത്തകൻ ശ്രീകാന്ത് ത്യാഗി അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിൽ നിന്നുമാണ് ശ്രീകാന്തിനെ നോയ്ഡ പോലീസ് അറസ്റ്റ് ചെയ്യുന്നത്. മീററ്റിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ശ്രീകാന്ത് പിടിയിലാകുന്നതെന്നാണ് വിവരം.

ഭാര്യയുമായും അഭിഭാഷകനുമായും ശ്രീകാന്ത് ഫോണിൽ ബന്ധപ്പെട്ടിരുന്നു. ബിജെപി പ്രവർത്തകനാണ് താനെന്നാണ് ശ്രീകാന്ത് സ്വയം വിശേഷിപ്പിക്കുന്നത്. ഇയാൾ പാർട്ടി അംഗമല്ലെന്ന് ബിജെപി അറിയിച്ചിരുന്നു.
ചൊവ്വാഴ്ച പുലർച്ചെയാണ് മീററ്റിൽ നിന്നും ശ്രീകാന്ത് അറസ്റ്റിലാകുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 പ്രകാരമാണ് ശ്രീകാന്തിനെതിരെ കേസെടുത്തിട്ടുള്ളത്.

ഗുണ്ടാനിയമങ്ങൾ ചുമത്തി കഴിഞ്ഞ ദിവസം ശ്രീകാന്തിന്റെ വീട് പൊളിച്ചു മാറ്റിയിരുന്നു. കഴിഞ്ഞയാഴ്ച, ശ്രീകാന്ത് ത്യാഗി മരങ്ങൾ നട്ടുപിടിപ്പിക്കാൻ ശ്രമിച്ചത് അവിടുത്തെ താമസക്കാരിയായ ഒരു വനിത എതിർത്തു. യുവതി പ്രതിഷേധിച്ചപ്പോൾ അയാൾ അവരെ തള്ളുകയും മർദ്ദിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ടതോടെ സംഭവം കൂടുതൽ ചൂടുപിടിച്ചു.

ശ്രീകാന്ത് ത്യാഗി സ്ത്രീയെ ആക്രമിക്കുന്നതും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതും വീഡിയോയിൽ വ്യക്തമാണ്. പിന്നാലെയാണ് പോലീസ് കേസെടുത്തത്. 2019 മുതൽ ഈ മരത്തിന്റെ പേരിൽ ശ്രീകാന്തും യുവതിയും തർക്കത്തിലാണ്. ശ്രീകാന്ത് ത്യാഗി മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനെതിരെ യുവതി എതിർപ്പ് പ്രകടിപ്പിച്ചു. ഇതിനിടെയുണ്ടായ വാക്ക് തർക്കമാണ് അടിയിൽ കലാശിച്ചത്. പൊതു സ്ഥലം കയ്യേറിയാണ് ശ്രീകാന്ത് മരം നട്ടതെന്നാണ് ആരോപണം

09-Aug-2022