ഖാദി മേഖലയിൽ നവീകരണത്തിന് തുടക്കമായി: പി ജയരാജന്‍

പരമ്പരാഗത വ്യവസായ മേഖലയെ അതിന്റെ തനിമ നിലനിർത്തി നവീകരണത്തിന് വിധേയമാക്കണമെന്ന സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഖാദി മേഖലയിൽ നവീകരണത്തിന് തുടക്കം കുറിച്ചുവെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ പറഞ്ഞു. ഖാദി ബോര്‍ഡും ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുന്ന ഖാദി ഓണംമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആളുകൾക്ക് ഖാദിയെക്കുറിച്ച് തെറ്റായ മുൻവിധികൾ ഉണ്ട്. അതു മാറ്റണം. കട്ടികൂടിയ വസ്ത്രങ്ങൾ മാത്രമല്ല നേരിയ വസ്ത്രവും ഖാദിയിൽ കിട്ടും. ആധുനീകരിക്കുന്നതിന്റെ ഭാഗമായി നല്ല ഡിസൈൻ വസ്ത്രങ്ങൾ ഖാദി ഷോറൂമുകൾ വഴി ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. നൂറു വർഷം പിന്നിടുന്ന വേളയിൽ പലർക്കും ഖാദി വസ്ത്രത്തിന്റെ മേന്മ അറിയില്ല. ഖാദി തുണിയും മറ്റു തുണികളും തമ്മിലുള്ള വ്യത്യാസം അഭ്യസ്ത വിദ്യരായവർക്ക് പോലും അറിയുന്നില്ല.

നൂൽ നൂൽപ് അടക്കം കൈ അധ്വാനത്തിലൂടെയാണ് ഖാദി വസ്ത്രങ്ങൾ ഉണ്ടാക്കുന്നത്. ദേശീയ വികാരവും പരിസ്ഥിതി സൗഹൃദമെന്നതാണ് ഖാദി തുണിയുടെ മറ്റൊരു പ്രത്യേകത മാത്രമല്ല ഖാദി ഉപയോഗിക്കുമ്പോൾ ത്വക്കിന് അലർജിയുണ്ടാകില്ല. മഹത്തായ പാരമ്പര്യമുള്ള വസ്ത്രമാണ് ഖാദി. പാവപ്പെട്ട തൊഴിലാളികളോട് കാണിക്കുന്ന സൗഹൃദം കൂടിയാണ് ഖാദി വസ്ത്രം ധരിക്കുന്നതിലൂടെ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് പരിസരത്തുളള ഖാദി സൗഭാഗ്യ അങ്കണത്തില്‍ നടന്ന പരിപാടിയിൽ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത അധ്യക്ഷയായി. എം.കെ.വിനോദ് കുമാറിന് ഖാദി വസ്ത്രങ്ങൾ നൽകി ആദ്യ വിൽപന നിർവഹിച്ചു.

മേളയുടെ ഭാഗമായി എല്ലാ ഖാദി സ്ഥാപനത്തില്‍ നിന്നും ഖാദി ഉത്പന്നങ്ങള്‍ക്ക് 30ശതമാനം വരെ റിബേറ്റ് അനുവദിക്കും. ഖാദി തുണിത്തരങ്ങള്‍ക്കു പുറമെ ഗ്രാമവ്യവസായ ഉത്പന്നങ്ങള്‍, കരകൗശല ഉത്പന്നങ്ങള്‍ തുടങ്ങിയവയും ലഭ്യമാകും. സര്‍ക്കാര്‍- അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 1ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും.

09-Aug-2022