ഹൈബിക്ക് മറുപടിയുമായി എസ്.എഫ്.ഐയുടെ പോസ്റ്റര്‍

എസ്എഫ്ഐ നിരോധിക്കണമെന്ന് പാര്‍ലമെന്‍റില്‍ ആവശ്യപ്പെട്ട എറണാകുളം എംപി ഹൈബി ഈഡനെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ. ‘ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്’ എന്നെഴുതിയ ബാനര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

എറണാകുളം മഹാരാജാസ് കോളേജിന് മുന്നില്‍ എസ്എഫ്ഐ ഉയര്‍ത്തിയ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എസ്എഫ്ഐയെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾ‌പ്പെടുത്തി നിരോധിക്കണമെന്ന് ഹൈബി ഈഡൻ‌ ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം.
വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐ നിരോധിക്കണമെന്ന ആവശ്യമാണ് ഹൈബി ഈഡൻ എം പി പാർലമെന്‍റിൽ കഴിഞ്ഞ ആഴ്ച ഉന്നയിച്ചത്.

തിരുവനന്തപുരം ലോ കോളജിൽ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ഹൈബി ഈഡൻ പാർലമെന്‍റിൽ വിഷയം അവതരിപ്പിച്ചത്. ശൂന്യ വേളയിലായിരുന്നു ഹൈബി ഇത് ഉന്നയിച്ചത്. കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവിനോടായിരുന്നു ഹൈബി ലോ കോളേജ് വിഷയം ഉന്നയിച്ച് നിരോധന ആവശ്യം ഉന്നയിച്ചത്. ക്രമസമാധാനം സംബന്ധിച്ച വിഷയം സംസ്ഥാന സർക്കാരിന്‍റെ അധികാര പരിധിയിൽ വരുന്നതാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.

11-Aug-2022