ദേശീയ പതാകയെ തള്ളിപറഞ്ഞവർ ഇന്ന് ഉയർത്തുന്നു: ജസ്റ്റിസ് കെമാൽ പാഷ
അഡ്മിൻ
രാജ്യത്ത് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുമ്പോഴും എന്ത് പറയണം, എന്ത് ചിന്തിക്കണം, എന്ത് കഴിക്കണം തുടങ്ങിയ അടിസ്ഥാന സ്വാതന്ത്ര്യം പോലുമില്ലെന്ന് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ. ദേശീയ പതാകയെ തള്ളിപറഞ്ഞവർ ഇന്ന് ദേശീയ പതാക ഉയർത്തുമ്പോൾ ഭരണഘടനയെ കൂടി മാനിക്കാൻ തയ്യാറാകണമെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.
സ്റ്റേറ്റ് എംപ്ലോയിസ് യൂണിയൻ കൊച്ചിയിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് കെമാൽ പാഷ. അതേസമയം, അയൽ രാജ്യങ്ങളിലെ സ്ഥിതി നോക്കുമ്പോൾ എഴുപത്തിയഞ്ച് വർഷം ഇന്ത്യയിൽ ഭരണഘടന നിലനിന്നത് തന്നെ അത്ഭുതമാണെന്ന് അഡ്വ. എ ജയശങ്കർ പറഞ്ഞു. ശക്തനായ ഭരണാധികാരിയാണെങ്കിൽ കോടതി പോലും പത്തി താഴ്ത്തുന്ന സ്ഥിതിയാണ് ഇന്ത്യയിലെന്നും അഡ്വ എ ജയശങ്കർ പറഞ്ഞു.
നിലവിൽ , എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിനുള്ള വിപുലമായ ഒരുക്കങ്ങളിലാണ് രാജ്യം. ചെങ്കോട്ടയിൽ നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തും. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.