സിപിഎം നേതാവ് ഷാജഹാന്റെ കൊലപാതകം; 3 പേര്‍ കസ്റ്റഡിയില്‍

പാലക്കാട് സിപിഐഎം നേതാവ് ഷാജഹാനെ ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കേസില്‍ ആറ് പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കൊലപാതക സംഘത്തില്‍ നേരത്തെ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് മരുതറോഡ് പഞ്ചായത്തില്‍ സിപിഐഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
സിപിഐ എം മരുതറോഡ്‌ ലോക്കൽ കമ്മിറ്റി അം​ഗവും കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ എസ് ഷാജഹാനെയാണ് (40) ആർഎസ്എസ്, ബിജെപി പ്രവർത്തകർ വെട്ടിക്കൊന്നത്.

കുന്നങ്കാട് ജങ്ഷനിൽ ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. അഞ്ചം​ഗ സംഘമാണ് കൊലപാതകം നടത്തിയത്. ഷാജഹാന്റെ കാലിലും തലയ്ക്ക് പിറകിലുമായാണ്‌ വെട്ടേറ്റത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കി കടയിൽനിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങാൻ കുന്നങ്കാട് ജങ്ഷനിൽ നിൽക്കുമ്പോഴായിരുന്നു ആക്രമണം. വെട്ടിയ ശേഷം അഞ്ച് പേരും ഓടി രക്ഷപ്പെട്ടു.

15-Aug-2022