രാജ്യത്തിന് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി

ഇന്ത്യയിൽ ഇപ്പോൾ ജനാധിപത്യം കൂടുതല്‍ ശക്തമായെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഇന്ത്യ മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയായി മാറി. ജനാധിപത്യത്തിന്റെ ശക്തി നാം തെളിയിച്ചു. കോവിഡ് കാലത്തടക്കം രാജ്യം സ്വയം പര്യാപ്തത നേടി. സാങ്കേതിക രംഗത്തും വലിയ നേട്ടങ്ങള്‍ കൈവരിച്ചു. രാജ്യത്തിന്റെ സാമ്പത്തികരംഗവും മെച്ചപ്പെടുകയാണെന്നും ദ്രൗപദി മുര്‍മു പറഞ്ഞു.

വെല്ലുവിളികളെ രാജ്യം വിജയകരമായി അതിജീവിക്കുന്നു. ലിംഗ വിവേചനം കുറഞ്ഞു. ആഗോള കായിക രംഗത്തടക്കം പെണ്‍കുട്ടികള്‍ മുന്നേറുകയാണ്. വിദേശികള്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ച രാജ്യത്തെ നാം തിരിച്ചുപിടിച്ചു. ഇന്ന് രാജ്യമെമ്പാടും അഭിമാനത്തോടെ ത്രിവര്‍ണ പതാക പാറുകയാണെന്നും രാഷ്ട്ര്പതി പറഞ്ഞു.

സ്വാതന്ത്ര്യം നേടി 75 വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ വേളയില്‍ സ്വാതന്ത്ര്യ സമര സേനാനികളെ സ്മരിക്കുന്നു. രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്മാര്‍ക്ക് ആദരം അര്‍പ്പിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തിന് വഴിത്തിരിവാകും. ഇതിലൂടെ അടുത്ത വ്യവസായ വിപ്ലവത്തിന് ഭാവി തലമുറയെ തയ്യാറാക്കുകയാണ് ലക്ഷ്യം. പാരമ്പര്യവുമായി ഇത് കൂട്ടിയിണക്കുമെന്നും രാഷ്ട്രപതി സ്വാതന്ത്ര്യദിനസന്ദേശത്തില്‍ പറഞ്ഞു.

15-Aug-2022