കേരളത്തിൽ ഇനി അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് വേണ്ടി മാത്രം പ്രത്യേക സ്ഥാപനം

അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കു വേണ്ടി മാത്രം ഒരു സ്ഥാപനം തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അവയവ മാറ്റത്തിനു വലിയ തുകയാണ് ഇപ്പോള്‍ ചെലവാകുന്നത്. ഇതിനായി ചിലര്‍ വലിയ ചാര്‍ജാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രത്യേക സ്ഥാപനം തുടങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ ആദ്യ സംരംഭമാണ് സര്‍ക്കാര്‍ തുടങ്ങുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോവിഡ് മറ്റു പല സ്ഥലങ്ങളിലും ആരോഗ്യ മേഖലയെ മുട്ടുകുത്തിച്ചെങ്കിലും കേരളത്തിനു നല്ല രീതിയില്‍ എഴുന്നേറ്റു നില്‍ക്കാന്‍ കഴിഞ്ഞെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നല്ല നിലയ്ക്കാണ് ആശുപത്രികളില്‍ രോഗികളെ പരിചരിക്കുന്നത്.

ഏതെങ്കിലും തരത്തില്‍ രോഗിക്ക് അപകടം പറ്റുമ്പോൾ അക്രമം നടത്തുന്ന പ്രവണത അംഗീകരിക്കാനാകില്ല.പരാതികള്‍ ഉണ്ടെങ്കില്‍ ഗൗരവമായി പരിശോധിക്കാന്‍ സംവിധാനമുണ്ട്. ഡോക്ടറെയോ മറ്റോ കയ്യേറ്റം ചെയ്യുന്ന രീതി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

17-Aug-2022