കശ്മീർ കോൺഗ്രസ് പ്രചാരണ സമിതി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ച് ഗുലാം നബി ആസാദ്

ജമ്മുകശ്മീർ കോൺഗ്രസ് പ്രചാരണ സമിതി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ച് ഗുലാം നബി ആസാദ്. അദ്ധ്യക്ഷസ്ഥാനത്തേയ്ക്ക് നിയമിതനായി മണിക്കൂറുകൾക്കുള്ളിലാമ് രാജി. കശ്മീരിലെ പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയംഗത്വവും ഗുലാംനബി ആസാദ് രാജിവെച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് സൂചന.

തന്റെ തീരുമാനം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചെന്നും തന്നെ തിരഞ്ഞെടുത്തതിൽ നന്ദി പറയുന്നുവെന്നും ഗുലാം നബി പ്രതികരിച്ചു. ചൊവ്വാഴ്ചയാണ് കോൺഗ്രസ് പ്രചാരണ സമിതി പുതുതായി രൂപീകരിച്ചത്. പിസിസി പ്രസിഡന്റും വർക്കിംഗ് പ്രസിഡന്റും സ്ഥിരം ക്ഷണിതാക്കളുമായി 11 നേതാക്കൾ അടങ്ങുന്നതാണ് പ്രചാരണ സമിതി. നേരത്തെ ഗുലാം നബിയുടെ അടുത്ത സഹായിയായ ഗുലാം അഹമ്മദ് മിറിനെ പാർട്ടിയുടെ ജമ്മു കശ്മീർ ഘടകം മേധാവി സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു.

കഴിഞ്ഞ മാസമാണ് മിർ സ്ഥാനമൊഴിഞ്ഞത്. പിന്നാലെ മിറിന് പകരം വികാരർ റസൂൽ വാനിയെ അധ്യക്ഷനായും രാമൻ ഭല്ലയെ വർക്കിങ് പ്രസിഡന്റായും നിയമിച്ച് സോണിയാ ഗാന്ധി ഉത്തരവിറക്കുകയും ചെയ്തു. പുനഃസംഘടനയുടെ ഭാഗമായാണ് നടപടിയെന്നായിരുന്നു പാർട്ടി നേതൃത്വത്തിന്റെ വാദം. ഇതിന് തൊട്ടുപിന്നാലെയാണ് പ്രചാരണ സമിതി അദ്ധ്യക്ഷ സ്ഥാനം ഗുലാം നബി ആസാദിന് നൽകിയത്. നിയമനം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ അദ്ദേഹം രാജിവെയ്ക്കുകയായിരുന്നു.

17-Aug-2022