സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം; കോടതി നിരീക്ഷണത്തെ വിമർശിച്ച് വനിത കമ്മീഷൻ

ബലാത്സംഗ കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ടുള്ള കോടതിയുടെ നിരീക്ഷണത്തെ വിമർശിച്ച് വനിത കമ്മീഷൻ. അതിജീവിതയുടെ വസ്ത്രം പ്രകോപനമുണ്ടാക്കിയെന്ന കോഴിക്കോട് സെഷൻസ് കോടതിയുടെ നിരീക്ഷണം തെറ്റായ സന്ദേശം നൽകുന്നുവെന്ന് വനിത കമ്മീഷൻ അദ്ധ്യക്ഷ പി. സതീദേവി പറഞ്ഞു.

സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ കോടതി സാധൂകരിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും സതീദേവി വ്യക്തമാക്കി. അതിജീവിതയുടെ വസ്ത്രധാരണത്തിന്റെ പേരിൽ ആരോപണവിധേയന് മുൻകൂർ ജാമ്യം നൽകിയത് നിർഭാഗ്യകരമാണ്. വിചാരണ നടക്കുന്നതിന് മുൻപ് തീർപ്പു കൽപ്പിക്കുന്നത് ശരിയല്ലെന്നും ഇക്കാര്യത്തിൽ വീണ്ടുവിചാരണം വേണമെന്നും സതീദേവി അറിയിച്ചു.

ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന ധരത്തിലുള്ള വസ്ത്രമാണ് പരാതിക്കാരി ധരിച്ചിരുന്നതെന്നും സെഷൻ 354 പ്രകാരം പ്രഥമദൃഷ്ട്യാ കേസെടുക്കാനാകില്ലെന്നുമാണ് മുൻകൂർ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടിയത്. പരാതിക്കാരിയുടെ ചിത്രങ്ങളും ജാമ്യാപേക്ഷയ്ക്കൊപ്പം സിവിക് ചന്ദ്രൻ ഹാജരാക്കിയിരുന്നു.

17-Aug-2022