സ്‌ത്രീകളുടെ അന്തസ്സ്‌ സംരക്ഷിക്കുമെന്ന്‌ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തിന്‌ എന്ത്‌ വിലയാണുള്ളത്‌: ബൃന്ദ കാരാട്ട്

ഗുജറാത്ത്‌ വംശഹത്യക്കാലത്ത് മൂന്ന്‌ വയസ്സുകാരിയെ അടക്കം കൂട്ടബലാത്സംഗം ചെയ്യുകയും ഏഴംഗ കുടുംബത്തെ അരുംകൊല ചെയ്യുകയും ചെയ്‌ത ബിൽക്കീസ്‌ ബാനു കേസിൽ ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ വിട്ടയച്ച ഗുജറാത്ത്‌ സർക്കാർ ഉത്തരവ്‌ ഞെട്ടിപ്പിക്കുന്നതും ലജ്ജാകരവുമാണ് എന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് . അപലപനീയമായ ഉത്തരവ്‌ ഗുജറാത്ത്‌ സർക്കാർ ഉടൻ പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ബലാത്സംഗം, കുട്ടബലാത്സംഗവും കൊലപാതകവും എന്നീ കേസുകളിൽ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ടവർക്ക്‌ ശിക്ഷായിളവ്‌ നൽകില്ലെന്നുള്ള ഗുജറാത്ത്‌ സർക്കാരിന്റെ 2014ലെ വിജ്ഞാപനത്തിന്റെയും കേന്ദ്രസർക്കാർ ഉത്തരവിന്റെയും ലംഘനമാണ്‌ നടപടിയെന്നും ബൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി.

സ്‌ത്രീകളുടെ അന്തസ്സ്‌ സംരക്ഷിക്കുമെന്ന്‌ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തിന്‌ എന്ത്‌ വിലയാണുള്ളത്‌ എന്ന് ചോദിച്ച അവർ അദ്ദേഹത്തിന്റെ പാർടിയുടെ നേതൃത്വത്തിലുള്ള സർക്കാർ ക്രിമിനലുകളുമായി കുറ്റകരമായ സഹകരണത്തിലാണ്‌. ബിജെപിയുടേത്‌ തികഞ്ഞ കാപട്യമാണെന്നും കൂട്ടിച്ചേർത്തു.

17-Aug-2022