കേരള സവാരി പദ്ധതി രാജ്യത്തിനാകെ മാതൃക: മുഖ്യമന്ത്രി
അഡ്മിൻ
തിരുവനന്തപുരം : രാജ്യത്തിനാകെ മാതൃകയാണ് കേരള സവാരി പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് സർക്കാർ മേഖലയിലുള്ള ആദ്യ ഓൺലൈൻ ടാക്‌സി സർവീസായ കേരള സവാരി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര അങ്കണത്തിൽ നടന്ന ചടങ്ങിൽ കേരള സവാരിയിലെ വാഹനങ്ങൾ മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു.
ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. നവ ഉദാരവൽക്കരണ നയങ്ങൾ നമ്മുടെ പരമ്പരാഗത തൊഴിൽ മേഖലകളെയും തൊഴിലാളികളെയും ഏറെ പ്രതികൂലമായി ബാധിക്കുന്ന ഘട്ടത്തിൽ ചൂഷണമില്ലാത്ത ഒരു വരുമാന മാർഗം മോട്ടോർ തൊഴിലാളികൾക്ക് ഉറപ്പിക്കാൻ തൊഴിൽ വകുപ്പ് ആലോചിച്ചു നടപ്പിലാക്കിയ പദ്ധതിയാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ആദ്യമായാണ് ഒരു സർക്കാർ ഓൺലൈൻ ടാക്‌സി സർവീസ് ആരംഭിക്കുന്നത്. ഒരു പക്ഷേ ലോകത്ത് തന്നെ സർക്കാർ മേഖലയിൽ ഇത്തരത്തിൽ ഒരു സംവിധാനം ആദ്യത്തേതായിരിക്കും. മോട്ടോർ വാഹന വകുപ്പ് നിഷ്‌കർഷിച്ച നിരക്കിൽ പൊതുജനങ്ങൾക്ക് സുരക്ഷിതവും തർക്കരഹിതവുമായ യാത്ര ഉറപ്പാക്കുന്നതിനും ഒരു പോലെ പ്രാധാന്യം നൽകിയാണ് സംസ്ഥാനത്തെ ഓട്ടോ -ടാക്സി ശൃംഖലകളെ ബന്ധിപ്പിച്ച് കൊണ്ട് കേരള സവാരി എന്ന ഓൺലൈൻ ടാക്സി പദ്ധതി സർക്കാർ ആവിഷ്‌കരിച്ചത്.