കേരളാ സവാരി: രാജ്യത്തിന് മുൻപില്‍ ഒരു ബദല്‍ കൂടി കേരളം മുന്നോട്ടുവെക്കുന്നു
അഡ്മിൻ
രാജ്യത്തിന് മുൻപില്‍ ഒരു ബദല്‍ കൂടി കേരളം മുന്നോട്ടുവെക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ ഓൺലൈൻ ടാക്സി സര്‍വീസ് 'കേരളാ സവാരി' ഇന്ന് പ്രവര്‍ത്തനം ആരംഭിക്കുകയാണ്. സര്‍വീസ് അംഗീകൃത നിരക്കില്‍ സുരക്ഷിത യാത്ര ഓരോരുത്തര്‍ക്കും ഉറപ്പാക്കും. തൊഴിലാളികള്‍ക്ക് അര്‍ഹമായ പ്രതിഫലവും ലഭ്യമാക്കും. തിരുവനന്തപുരത്താണ് ആദ്യം പദ്ധതി നടപ്പിലാക്കുന്നത്.
കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ നഗരസഭാ പരിധികളിലും ഒരു മാസത്തിനുള്ളിൽ കേരള സവാരി എത്തും. യാത്രക്കാരെയും തൊഴിലാളികളെയും കൊള്ളയടിക്കുന്ന ഓൺലൈൻ സര്‍വീസുകള്‍ക്കുള്ള കേരളത്തിന്‍റെ ജനകീയ ബദല്‍ കൂടിയാണ് പദ്ധതി.
തൊഴില്‍ വകുപ്പിന്‍റെ നേതൃത്വത്തില്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡാണ് സേവനം ആരംഭിക്കുന്നത്. മറ്റു ഓൺലൈൻ പ്ലാറ്റുഫോമുകളെ പോലെ നിരക്കുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവില്ല എന്നതാണ് ഈ സര്‍വീസിന്‍റെ ഏറ്റവും വലിയ പ്രത്യേകത. സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും സുരക്ഷിതമായി ആശ്രയിക്കാവുന്ന സര്‍വീസാണിത്.
ഡ്രൈവര്‍മാര്‍ക്ക് പൊലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പൊലീസിനെയോ ഫയര്‍ഫോഴ്സിനെയോ ബന്ധപ്പെടാനായി ആപ്പില്‍ പ്രത്യേകമായി പാനിക് ബട്ടനുമുണ്ട്. സേവനങ്ങള്‍ ഏകോപിപ്പിക്കാനും പരാതി പരിഹാരത്തിനുമായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്‍ററുമുണ്ട്.