ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക്. ഹിമാചലിലെ കോണ്‍ഗ്രസ് എംഎല്‍എമാരായ പവന്‍ കാജലും ലഖ്വീന്ദര്‍ സിംഗ് റാണയും ബുധനാഴ്ച ബിജെപിയില്‍ ചേര്‍ന്നു.ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന പവന്‍ കാജലിനെ കോണ്‍ഗ്രസ് നീക്കം ചെയ്യുകയും പകരം ചന്ദര്‍ കുമാറിനെ നിയമിക്കുകയും ചെയ്തു മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ സംഭവവികാസം.
പിന്നാലെ ഇരുവരും മുഖ്യമന്ത്രി ജയറാം താക്കൂറുമായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് ബിജെപിയെ പുറത്താക്കി അധികാരം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതിനിടെയാണ് നേതാക്കള്‍ പാര്‍ട്ടി വിടുന്നത്.
ഗുജറാത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. രണ്ടാഴ്ച മുമ്പ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച മുന്‍ മന്ത്രി നരേഷ് റാവലും മുന്‍ രാജ്യസഭാംഗം രാജു പര്‍മ്മറും ഇന്ന് രാവിലെ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സിആര്‍ പാട്ടീല്‍ കാവി ഷാളും തൊപ്പിയും നല്‍കിയാണ് അവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. രണ്ട് നേതാക്കളും പതിറ്റാണ്ടുകളായി കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്നു. അവരുടെ അനുയായികളില്‍ വലിയൊരു വിഭാഗം ഭരണകക്ഷിയില്‍ ചേര്‍ന്നിട്ടുണ്ട്.