ലൈംഗിക പീഡന കേസിൽ പ്രതിയായ സിവിക് ചന്ദ്രന് അനുകൂലമായി സെഷന്‍സ് കോടതി ഉത്തരവിലുള്ള സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് . ലൈംഗികാതിക്രമ കേസില്‍ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച് കൊണ്ടായിരുന്നു കോടതിയുടെ പരാമർശം.
യുവതിയുടെ വസ്ത്രധാരണം പ്രകോപനമുണ്ടാക്കുന്നതെന്ന പരാമര്‍ശം ഞെട്ടിക്കുന്നതാണ്. മേൽ കോടതി ശക്തമായ നടപടിയെടുക്കണം. ഇത്തരം പരാമർശങ്ങൾ നടത്തുന്ന കോടതിയിൽ നിന്ന് എങ്ങനെ സ്ത്രീകൾക്ക് നീതി പ്രതീക്ഷിക്കാനാകുമെന്നാണ് ബൃന്ദ കാരാട്ട് ചോദിച്ചത്. പരാതി അടിസ്ഥാന രഹിതമാണെങ്കിൽ തള്ളാം. എന്നാൽ, ധരിക്കുന്ന വസ്ത്രത്തെ കുറിച്ചുള്ള പരാമർശം ഒരുതരത്തിലും അംഗീകരിക്കാനാകുന്നതല്ല.
സെഷൻസ് ജഡ്ജ് നടത്തിയ പരാമർശങ്ങൾ നീക്കം ചെയ്യണം. അതിജീവിതകൾ ആയവർക്ക് കോടതിയിലുള്ള വിശ്വാസം പുനസ്ഥാപിക്കണം. പരാമർശം നടത്തിയ ജഡ്ജിക്കെതിരെ എന്ത് നടപടി ഉണ്ടാകുമെന്ന് മേൽ കോടതി വ്യക്തമാക്കണമെന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.