സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് സംസ്ഥാന സർക്കാർ
അഡ്മിൻ
ലൈംഗികാതിക്രമ കേസിൽ പ്രതിയായ സാഹിത്യകാരൻ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിക്കും. കോഴിക്കോട് സെഷൻസ് കോടിയുടെ ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകും.
ജഡ്ജി എസ് കൃഷ്ണകുമാറാണ് പീഡനക്കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചത്. സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾക്ക് വിരുദ്ധമായ പരാമർശങ്ങളാണ് കോഴിക്കോട് കോടതിയുടെ ഉത്തരവിൽ പറയുന്നത്. കോടതിയുടെ ഉത്തരവിലുള്ള വിചിത്ര പരാമർശങ്ങൾ സർക്കാർ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും.
കോടതിയുടെ പരാമർശങ്ങൾ നീക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടേക്കും. സിവിക് ചന്ദ്രന് ജാമ്യം നൽകിയതിലല്ല, മറിച്ച് കോടതിയുടെ ഉത്തരവിലുള്ള പരാമർശങ്ങളാണ് അപ്പീൽ നൽകാനുള്ള കാരണം. പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നതായി ജാമ്യാപേക്ഷയ്ക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ടെന്നും അതിനാൽ സെക്ഷൻ 354 എ പ്രകാരം പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ പരാതി നിലനിൽക്കില്ലെന്നുമാണ് കോടതിയുടെ ഉത്തരവ്. ഈ പരാമർശം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കെയാണ് കേസിലെ ആദ്യ കോടതി വിധി പുറത്തുവരുന്നത്.