രാജ്‌ഭവനെ ആര്‍എസ്‌എസ് സംഘപരിവാര്‍ സംഘം ഗൂഢാലോചനാ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു; ഇപി ജയരാജൻ
അഡ്മിൻ
അത്യുന്നത നിലവാരം കാത്തുസൂക്ഷിക്കേണ്ട സംസ്ഥാന ഗവര്‍ണര്‍ പദവിയും, രാജ്‌ഭവനും ദുരുപയോഗം ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ . സാംസ്‌കാരികമായും, വിദ്യാഭ്യാസപരമായും ഉന്നത നിലവാരത്തില്‍ പൊതുസമൂഹം കാണുന്ന പദവിയില്‍ ഇപ്പോള്‍ ഇരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പദവിക്ക് ചേരാത്ത വിധമാണ് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്.
രാജ്‌ഭവനെ ആര്‍എസ്‌എസ് സംഘപരിവാര്‍ സംഘം ഗൂഢാലോചനാ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനെ ക്രിമിനല്‍ ' എന്നാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വിശേഷിപ്പിച്ചത്. ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ ഭരണ സംവിധാനത്തിന്റെ തലപ്പത്തിരിക്കുന്ന ഗവര്‍ണറുടെ പദവിക്ക് യോചിച്ചതാണോ ഇത്തരം നിലവാരം കുറഞ്ഞ പ്രയോഗങ്ങള്‍ എന്ന് പുനര്‍ചിന്തനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കണ്ണൂര്‍ വൈസ് ചാന്‍സലര്‍ പാര്‍ടി കേഡറെ പൊലെ പ്രവര്‍ത്തിക്കുന്നുവെന്നും പ്രസ്‌താവിച്ചു. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ വിളിച്ച് പറയുന്നത്. ഉന്നതമായ അക്കാദമിക് പാരമ്പര്യമുള്ള അധ്യാപകരെ നിരന്തരമായി അധിക്ഷേപിക്കുന്ന രീതി ശരിയാണോ എന്ന് പരിശോധിക്കണം. സാധാരണ ആര്‍എസ്‌എസ് സേവകനെ പൊലെ ഒരു ഗവര്‍ണര്‍ തരംതാഴാന്‍ പാടില്ല.
കേന്ദ്രത്തേയും ആര്‍എസ്‌എസ് സംഘപരിവാര്‍ ദേശീയ നേതൃത്വത്തേയും തൃപ്‌തിപ്പെടുത്താനായി ഗവര്‍ണര്‍ നടത്തുന്ന പദപ്രയോഗങ്ങളും, പ്രവൃത്തികളും സംസ്ഥാനത്തിന് തന്നെ നാണക്കേടുണ്ടാക്കുന്നതാണ്. കേരളത്തിലെ ജനങ്ങള്‍ ഇതെല്ലാം കണ്ട് വിലയിരുത്തുന്നുണ്ട് എന്ന ഓര്‍മ്മ വേണം. ഗവര്‍ണര്‍ക്ക് ഇത് എന്ത് പറ്റി എന്നാണ് അവര്‍ ചിന്തിക്കുന്നത്.
സംസ്ഥാന ഭരണത്തെയോ, സര്‍വകലാശാലകളേയോ ശെരിയായ നിലയില്‍ വിലയിരുത്തി വിമര്‍ശിക്കുന്നതിനോടോ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനോടോ ആരും എതിരല്ല. തെറ്റുകള്‍ ചൂണ്ടിക്കാട്ടാം അക്കാര്യങ്ങളിലൊന്നും ദുരഭിമാനമോ, മത്സരബുദ്ധിയോ ഞങ്ങള്‍ക്കില്ല. പക്ഷെ, കേന്ദ്ര ബിജെപി വര്‍ഗീയ താല്‍പര്യം നടപ്പാക്കാന്‍ ഗവര്‍ണര്‍ പദവിയും രാജ്‌ഭവനും ദുരുപയോഗം ചെയ്യുന്നത് ശരിയല്ല. ജനാധിപത്യത്തിനും, ഫെഡറലിസത്തിനും അപകടകരമായ ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തിയായി പ്രതിഷേധിക്കുന്നതായി അദ്ദേഹം പറഞ്ഞു..